ദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ മരണത്തില്‍ സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. കേസ് സ്വതന്ത്രമായി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ “ചിലര്‍” ജസ്റ്റിസ് ലോയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഒപ്പിടാന്‍ “കരടുവിധിന്യായം” തന്നെ എത്തിച്ചുകൊടുത്തുവെന്നും ഉള്‍പ്പെടെയുള്ള ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടു തെളിവുകള്‍ ഹാജരാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനം.
തന്റെ ജീവന്‍ അപകടത്തിലാണെന്നു ഭയപ്പെട്ട ലോയയെ സഹായിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായും ഒരാള്‍ മരണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ളതാണു സൊഹ്‌റാബുദീന്‍ കേസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, എ.ഐ.സി.സി നിയമവിഭാഗം മേധാവി വിവേക് തന്‍ക, നാഗ്പൂരിലെ അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകരുമായ സതീഷ് ഉക്കെ എന്നിവര്‍ ചേര്‍ന്നാണു ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
സി.ബി.ഐയെയും എന്‍.ഐ.എയെയും മാറ്റിനിര്‍ത്തിയായിരിക്കണം അന്വേഷണമെന്നാണു കോണ്‍ഗ്രസ് ആവശ്യം.
വെളിപ്പെടുത്തലിലെ പ്രധാന സംഭവങ്ങള്‍
- 2012: സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് സുപ്രീം കോടതി നിര്‍ദേശപ്രകാരം ഗുജറാത്തില്‍ നിന്നു മുംബൈയിലേക്കു മാറ്റി. കേസ് കേള്‍ക്കാന്‍ പ്രത്യേക ജഡ്ജിയായി ജസ്റ്റിസ് ഉത്പതിനെ നിയോഗിച്ചു.
- 2014 ജൂലൈയില്‍ സുപ്രിം കോടതിയുടെ അനുമതിയില്ലാതെ ജസ്റ്റിസ് ഉത്പതിനെ സ്ഥലംമാറ്റി; പകരം ലോയയെ നിയമിച്ചു.
- പ്രതിപ്പട്ടികയിലെ പ്രമുഖനെ ഒഴിവാക്കുന്നതിനു ലോയയ്ക്കു മേല്‍ സമ്മര്‍ദം. കരടുവിധിപ്പകര്‍പ്പ് ചിലര്‍ എത്തിച്ചുകൊടുത്തു. പ്രതിഫലമായി 100 കോടി രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്യപ്പെട്ടു (തെളിവ് ജസ്റ്റിസ് ലോയയുടെ സഹോദരി വീഡിയോയില്‍ നല്‍കിയ മൊഴി)
- മുംബൈയിലുള്ള സുഹൃത്തുക്കളില്‍ നിന്നു കാര്യമായ സഹായം കിട്ടാതെ വന്ന ലോയ, 2014 ഒക്ടോബറില്‍ നാഗ്പൂരിലെ അഭിഭാഷകനും പൗരാവകാശ പ്രവര്‍ത്തകനുമായ സതീഷ് ഉക്കെയെ സമീപിച്ചു. ഉക്കെയും സുഹൃത്തുക്കളായ റിട്ട. ജഡ്ജി പ്രകാശ് തോംബ്‌റെ, ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍ എന്നിവരും ലോയയുമായി വിഡിയോ സംഭാഷണം നടത്തി. ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് ബി.ആര്‍. ഗവായ്, ദേവേന്ദ്ര ഫഡ്‌നാവിസ്, സുഭാംശു ജോഷി എന്നിവരാണു സമ്മര്‍ദം ചെലുത്തുന്നതെന്നു വെളിപ്പെടുത്തല്‍. ലോയ, കരടു വിധിന്യായം തോംബ്‌റെയ്ക്കു കൈമാറുന്നു.
- നവംബര്‍ ആദ്യവാരം ഉക്കെ, തോംബ്‌റെ എന്നിവര്‍ ദല്‍ഹിയിലെത്തി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായി കൂടിക്കാഴ്ച നടത്തി. കോടതിയെ സമീപിക്കാന്‍ മതിയായ തെളിവില്ലെന്ന് അദ്ദേഹം വിലയിരുത്തിയതോടെ മടങ്ങി.
- നിഗമനങ്ങള്‍ പരസ്പരം യോജിക്കുന്നില്ല. പിന്നാലെ ഖണ്ഡല്‍ക്കര്‍ക്കും തോംബ്‌റെയ്ക്കും ഭീഷണി സന്ദേശങ്ങള്‍.
- 2015 നവംബര്‍ 29: ഖണ്ഡല്‍ക്കര്‍ ജില്ലാ കോടതി പരിസരത്തു മരിച്ച നിലയില്‍. മൃതദേഹം കണ്ടെത്തിയതു രണ്ടു ദിവസത്തെ അവധിക്കു ശേഷം കോടതി തുറന്നപ്പോള്‍.
- 2016 മേയ് 16നു നാഗ്പൂരില്‍ നിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തോംബ്‌റെ ബര്‍ത്തില്‍ നിന്നു വീണു മരിച്ചു. ഈ കേസില്‍ ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.
നേരത്തെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്തപ്പോള്‍ ജസ്റ്റിസ് ലോയയുടെ മരണമടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിലവില്‍ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് കേസ് പരിഗണിക്കുന്നത്.