വിദ്വേഷപ്രചരണം, വ്യാജവാര്‍ത്തകള്‍, ബി.ജെ.പിയുമായി ധാരണ; ഫേസ്ബുക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
national news
വിദ്വേഷപ്രചരണം, വ്യാജവാര്‍ത്തകള്‍, ബി.ജെ.പിയുമായി ധാരണ; ഫേസ്ബുക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th October 2021, 12:15 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഫേസ്ബുക്കിനെതിരെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ പോസ്റ്റുകള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയെക്കുറിച്ച് അറിവുണ്ടായിട്ടും അത് തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടു എന്ന ഈയിടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ ബി.ജെ.പിയും ഫേസ്ബുക്കും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും ഫേസ്ബുക്ക് എന്നത് ഇവിടെ ‘ഫേക്ക്ബുക്ക്’ ആയി മാറിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പിയുടെ സഖ്യമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിനെ ബി.ജെ.പി അനുഭാവികള്‍ അവരുടെ ഇഷ്ടാനുസരണം ഉപയോഗിക്കുകയാണെന്നും ആരോപണത്തില്‍ പറയുന്നു.

ഏത് കാലാവസ്ഥയിലും ഫേസ്ബുക്കിന്റെ സഖ്യകക്ഷിയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പത്രസമ്മേളനത്തില്‍ പറഞ്ഞു.

”2019ലെ തെരഞ്ഞെടുപ്പ് സമയത്തും ദല്‍ഹി കലാപസമയത്തും ഹിന്ദി, ബംഗാളി ഭാഷകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളെ തടയാന്‍ വേണ്ട സജ്ജീകരണം ഫേസ്ബുക്കിനുണ്ടായിരുന്നില്ല എന്നാണ് ഈയിടെ കമ്പനിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥ ഫ്രാന്‍സെസ് ഹൗഗെന്‍ പുറത്തുവിട്ട ഗവേഷണപഠനത്തിന്റെ തെളിവുകള്‍ പറയുന്നത്. എന്നിട്ടും അന്ന് അത്തരം പ്രചരണങ്ങള്‍ തടയാന്‍ കമ്പനി നടപടിയൊന്നുമെടുത്തില്ല,” പവന്‍ ഖേര പറഞ്ഞു.

10 ലക്ഷത്തിലധികം ഫേക്ക് അക്കൗണ്ടുകള്‍ ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര പഠനറിപ്പോര്‍ട്ട് വഴി തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ‘ഫേക്ക്ബുക്ക്’ അതില്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരും ഒരു നടപടിയുമെടുത്തില്ല. ഇത് ഇരുകൂട്ടരുടെയും പരസ്പര ധാരണയല്ലേ തെളിയിക്കുന്നത്? എത്രയും പെട്ടെന്ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഖേര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷവും കോണ്‍ഗ്രസ് ഫേസ്ബുക്കിനെതിരെ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടതിന് ഫ്‌ളാഗ് ചെയ്യപ്പെട്ട, ബി.ജെ.പിയുമായി ബന്ധപ്പെട്ട വ്യക്തികളേയും ഗ്രൂപ്പുകളേയും തടയുന്നതിന് ഫേസ്ബുക്ക് അവരുടെ നിയമം പ്രയോഗിച്ചില്ല എന്ന വാര്‍ത്തകളായിരുന്നു കാരണം.

ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ഇന്ത്യയുടെ പബ്‌ളിക് പോളിസി എക്‌സിക്യൂട്ടീവ് അന്ന് നടപടിയെടുക്കാതിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Congress demand JPC probe against Facebook