ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് ജന്മനാടുകളിലേക്ക് മടങ്ങി പോവാന്‍ 300 ബസ്സുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് ദല്‍ഹി ഘടകം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചു. ഈ ബസ്സുകളുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് വഹിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ അനില്‍ ചൗധരി അറിയിച്ചു.
മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ കോണ്‍ഗ്രസ് ദു:ഖം രേഖപ്പെടുത്തി. ദല്‍ഹിയിലുണ്ടായിരുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയാണ്. വീടുകളിലെത്തുന്നതിന് വേണ്ടി കാല്‍നടയായി പോകേണ്ടി വരുന്നതിലും അപകടങ്ങളില്‍ മരിക്കുന്നതിലും ദു:ഖം രേഖപ്പെടുത്തുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
ലോക്ഡൗണായതിനാല്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉള്ള 300 ബസ്സുകള്‍ കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഈ ബസ്സുകള്‍ ഓടിക്കണം. ഇതിന്റെ ചെലവ് കോണ്‍ഗ്രസ് ദല്‍ഹി ഘടകം വഹിക്കുമെന്നും കത്തില്‍ പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട വാഗ്വാദത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന് ബസുകള്‍ വിട്ടുനല്‍കാന്‍ നിര്‍ബന്ധിതരായി യു.പി സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
അഞ്ഞൂറ് ബസുകള്‍ നോയിഡയിലേക്കും അഞ്ഞൂറ് ബസുകള്‍ ഗാസിയാബാദിലേക്കും അയക്കാനുള്ള അനുമതി നല്‍കുന്നെന്ന് കാണിച്ച് സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കി. ബസുകള്‍ വൈകീട്ട് അഞ്ചുമണിയോടെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് സര്‍ക്കാരിനെ അറിയിച്ചു.
‘ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നതുപോലെ ബസുകള്‍ അഞ്ച് മണിക്ക് നോയിഡയിലും ഗാസിയാബാദിലും എത്തും. സുഗമമായ ഏകോപനത്തിനായി യാത്രക്കാരുടെ ലിസ്റ്റും റൂട്ട് മാപ്പും തയ്യാറാക്കുക’, പ്രിയങ്ക യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.