| Friday, 14th June 2019, 10:30 pm

പിസി ചാക്കോ രാജിവെക്കണമെന്ന് ദല്‍ഹിയിലെ നേതാക്കള്‍; പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കാമെന്ന് ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ കോണ്‍ഗ്രസില്‍ തോല്‍വിയ്ക്ക് ഉത്തരവാദി പി.സി ചാക്കോയാണെന്നും സംസ്ഥാനത്തിന്റെ ചുമതലയില്‍ നിന്ന് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍.

ദല്‍ഹിയില്‍ എ.എ.പിയുമായി അവസാന നിമിഷം വരെ സഖ്യത്തിന് ശ്രമിച്ച ചാക്കോ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനുള്ള സമയം ഇല്ലാതാക്കിയെന്നും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയ്ക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും നേതാക്കള്‍ ആരോപിക്കുന്നു.

രാജി ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ രോഹിത് മന്‍ചന്ദയുമായി ചാക്കോ വാഗ്വാദത്തിലേര്‍പ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മന്‍ചന്ദ തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. ‘പാര്‍ട്ടി ഓഫീസില്‍ ചാക്കോജിയെ സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു. എന്നെ പോലുള്ളവരെ പാര്‍ട്ടിയില്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പി.സി ചാക്കോയ്ക്ക് കീഴില്‍ നാല് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാഹുല്‍ഗാന്ധി രാജിയെക്കുറിച്ച് സംസാരിക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് പി.സി ചാക്കോയ്ക്ക് രാജിവെച്ചു കൂടാ’

എന്നാല്‍ വാക്കുതര്‍ക്കം ഉണ്ടായിട്ടില്ലെന്നും ഈ ആരോപണം ഉന്നയിക്കുന്ന ആളെ അറിയുക പോലുമില്ലെന്നും പി.സി ചാക്കോ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ രാജിവെക്കുമെന്നും പി.സി ചാക്കോ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അതേസമയം എല്ലാം അംഗങ്ങള്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഓരാളെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അവകാശം രാഹുല്‍ഗാന്ധിയ്ക്കാണെന്ന് ദല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more