| Friday, 31st December 2021, 9:17 am

'കാല്‍ചുവട്ടിലെ മണ്ണ് ഒലിക്കുന്നു'; കര്‍ണാടകയിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസിന് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ നഗര തദ്ദേശ – മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസിന് വിജയം. 58 മുനിസിപ്പാലിറ്റികളിലും വിവിധ മുനിസിപ്പാലിറ്റികളിലേയും 57 ഗ്രാമപഞ്ചായത്തുകളിലേയും വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെയും ഫലമാണ് പുറത്തുവന്നത്.

1184 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 498ഉം ബി.ജെ.പി 437ഉം ജെ.ഡി.എസ് 45ഉം സീറ്റുമാണ് നേടിയത്. സിറ്റി മുനിസിപ്പല്‍ കൗണ്‍സിലില്‍ ബി.ജെ.പി 67ഉം കോണ്‍ഗ്രസ് 61ഉം ജെ.ഡി.എസ് 12ഉം മറ്റുള്ളവര്‍ 26ഉം സീറ്റുമാണ് നേടിയത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി ഭരണം തുടരാമെന്നായിരുന്നു ബി.ജെ.പിയുടെ വിലയിരുത്തല്‍.

എന്നാല്‍ ഇതിന് തിരിച്ചടിയായിട്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പില്‍ നേടിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയ്ലറാണെന്നാണ് കോണ്‍ഗ്രസ് മാധ്യമങ്ങളോട് പറഞ്ഞത്.

കോണ്‍ഗ്രസ് 42.06 ശതമാനം വോട്ടാണ് നേടിയത്. ബി.ജെ.പി 36.98 ശതമാനം വോട്ടും ജെ.ഡി.എസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്.

166 സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളില്‍ 61 എണ്ണമാണ് കോണ്‍ഗ്രസിന് നേടാനായത്. 67 എണ്ണം ബി.ജെ.പി നേടി. ജെ.ഡി.എസ് 12 സീറ്റും മറ്റുള്ളവര്‍ 26 സീറ്റുമാണ് നേടിയത്.

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിലേറെയായി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

മികച്ച വിജയം നേടിയ കര്‍ണാടക കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. സര്‍ക്കാറിനെ കുറിച്ച് ജനങ്ങളുടെ പ്രതീക്ഷയില്ലായ്മയുടെ പ്രതിഫലനമാണ് നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു.

അതേസമയം, കര്‍ണാടകയില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചിരുന്നു.

ബൊമ്മെയുടെ നേതൃത്വത്തില്‍ ബി.ജെ.പി. 150 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂലായിലാണ് ബി.എസ്. യെദ്യൂരപ്പയുടെ രാജിക്കുശേഷം ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി ചുതലയേറ്റത്. യെദ്യൂരപ്പയ്ക്ക് പകരം പാര്‍ട്ടിയെ നയിക്കുക ബൊമ്മെയായിരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

We use cookies to give you the best possible experience. Learn more