കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ കോണ്‍ഗ്രസ് നേടുന്ന ചരിത്രപരമായ തകര്‍ച്ചയ്ക്കാണ് പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സാക്ഷിയായത്. പരമ്പരാഗതായി കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലങ്ങള്‍ പോലും ഇത്തവണ പാര്‍ട്ടിയെ കൈയൊഴിയുകയായിരുന്നു. കോട്ടയം, അടക്കമുള്ള ജില്ലകളിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ തന്നെ നേരിയ ഭൂരിപക്ഷം നേടിയാണ് വിജയമുറപ്പിച്ചതെന്നതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. പല ജില്ലകളിലും രണ്ടോ നാലോ സീറ്റുകള്‍ മാത്രം നേടാനെ കോണ്‍ഗ്രസിനായുള്ളു. അതേസമയം മൂന്ന് ജില്ലകളില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ലയെന്നതും പാര്‍ട്ടിയുടെ തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
41 സീറ്റുകളില്‍ ഐക്യജനാധിപത്യ മുന്നണി ഒതുങ്ങിയത് അത്ര നല്ല സൂചനയല്ല നല്‍കുന്നത്. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, യു.ഡി.എഫ് മുന്നണിയ്ക്കുള്ളിലെ ദുര്‍ബലപക്ഷമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന്. ജയിച്ച 41 സീറ്റുകളില്‍ 20 എണ്ണം മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ക്രിയാത്മ പ്രതിപക്ഷമാകാന്‍ കൂടി കഴിയാത്ത സാഹചര്യത്തിലേക്കാണ് കോണ്‍ഗ്രസിന്റെ കൂപ്പുകുത്തല്‍.
പതിന്നാല് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയാണ് തിരുവനന്തപുരം. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് മാത്രമെ തിരുവനന്തപുരത്ത് നേടാനായുള്ളു. കോവളം നിയോജക മണ്ഡലമാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെ തുണച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച എം. വിന്‍സെന്റ് ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടാതെ പോയ ജില്ലയാണ് പത്തനംതിട്ട. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ ഒരു സീറ്റ് പോലും പിടിക്കാന്‍ കോണ്‍ഗ്രസിനായില്ല.
യു.ഡി.എഫിന് താല്‍ക്കാലിക ആശ്വാസം നല്‍കിയ ജില്ലയാണ് കോട്ടയം. 9 നിയമസഭാ മണ്ഡലങ്ങളുള്ള കോട്ടയത്ത് യു.ഡി.എഫ് സ്വന്തമാക്കിയത് 4 സീറ്റുകളാണ്. അതില്‍ കോണ്‍ഗ്രസ് നേടിയത് വെറും രണ്ട് സീറ്റുകള്‍.
പുതുപ്പള്ളിയില്‍ നിന്ന് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോട്ടയം മണ്ഡലത്തില്‍ നിന്ന് ജയിച്ച മുന്‍മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ആ രണ്ടു പേര്‍.
അതേസമയം എറണാകുളം ജില്ലയും യു.ഡി.എഫിന് ആശ്വാസം നല്‍കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില്‍ മൊത്തം 9 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്.
തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കിയ ജില്ലകളിലൊന്നാണ് പാലക്കാട്. ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ച പാലക്കാട് മണ്ഡലത്തില്‍ ആ ശ്രമത്തെ തകര്‍ത്ത് വിജയം കൈവരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പില്‍ ആയിരുന്നു. പാലക്കാട് ജില്ലയിലെ ഏക കോണ്‍ഗ്രസ് പ്രതിനിധി കൂടിയാണ് ഷാഫി പറമ്പില്‍ ഇപ്പോള്‍. യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ മാത്രമേ ഇവിടെ നേടാനായുള്ളു. ലീഗ് സ്ഥാനാര്‍ത്ഥിയായ എന്‍.ഷംസുദ്ദീന്‍ ആണ് ആ രണ്ടാമന്‍.
കൊല്ലം ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലത്തില്‍ രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. മുന്‍മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ തോല്പ്പിച്ച് പിസി വിഷ്ണുനാഥ് പിടിച്ചെടുത്ത കുണ്ടറ മണ്ഡലവും സി.ആര്‍ മഹേഷ് വിജയിച്ച കരുനാഗപ്പള്ളി മണ്ഡലവുമാണത്.
ആലപ്പുഴയില്‍ യു.ഡി.എഫ് സാന്നിദ്ധ്യം തന്നെ ഇല്ലാതായ അവസ്ഥയാണ്. ജില്ലയില്‍ ആകെയുള്ള 9 സീറ്റും എല്‍.ഡി.എഫ് തന്നെ നേടിയിരിക്കുകയാണ്.
ഇടുക്കിയില്‍ വീണ്ടും കേരളകോണ്‍ഗ്രസിലൂടെ വിജയം നേടാനെ ഐക്യജനാധിപത്യ മുന്നണിയ്ക്ക് സാധിച്ചുള്ളു. തൊടുപുഴയില്‍ നിന്ന് പി.ജെ ജോസഫ് വിജയിച്ചതല്ലാതെ മറ്റൊന്നും ഇടുക്കിയില്‍ വിലപ്പോയിട്ടില്ല.
മധ്യകേരളത്തിലും കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമായിരുന്നു. പതിന്നാല് സീറ്റുള്ള തൃശ്ശൂര്‍ ജില്ലയില്‍ ഒരൊറ്റ സീറ്റിലൊതുങ്ങി കോണ്‍ഗ്രസ്. ചാലക്കുടി നിയോജകമണ്ഡലം മാത്രമേ കോണ്‍ഗ്രസിന് നേടാനായുള്ളു.
ഇനി വടക്കന്‍ കേരളത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കാര്യമായ റോളുകളും ഒന്നും ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെന്ന വാദത്തെ പിന്തുണയ്ക്കുന്ന ട്രെന്റാണ് കാണുന്നത്. കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി കെ.കെ രമ ജയിച്ചതും ലീഗ് സ്ഥാനാര്‍ത്ഥിയായ എം.കെ മുനീറിന്റെ വിജയവുമല്ലാതെ മറ്റൊന്നും ജില്ലയില്‍ ഐക്യജനാധിപത്യ മുന്നണിയ്ക്ക് അവകാശപ്പെടാനില്ല.
കണ്ണൂര്‍ ജില്ലയിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ട് സീറ്റുകളില്‍ മാത്രമെ കോണ്‍ഗ്രസിന് വിജയം നേടാന്‍ കഴിഞ്ഞുള്ളു. ഇരിക്കൂര്‍ മണ്ഡലവും, പേരാവൂരും പിടിക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്.
യു.ഡി.എഫ് മുന്നണി സമവാക്യങ്ങള്‍ ഫലിച്ച ജില്ലയായിരുന്നു മലപ്പുറം. മൊത്തം പതിനാറ് നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയില്‍ 11 എണ്ണത്തിലും യു.ഡി.എഫ് സ്വാധീനം ചെലുത്തിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും ഒരു സീറ്റാണ്. വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ ജയിച്ച എ.പി അനില്‍കുമാറാണ് കോണ്‍ഗ്രസ് സ്വാധീനം നിലനിര്‍ത്തിയത്.
വയനാടും കോണ്‍ഗ്രസിനെ കൈവിട്ടില്ല എന്ന് തന്നെ പറയാം. ആകെ മൂന്ന് നിയമസഭാ മണ്ഡലങ്ങളുള്ള വയനാട്ടില്‍ 2 എണ്ണത്തിലും കോണ്‍ഗ്രസ് തന്നെയാണ് വിജയക്കൊടി പാറിച്ചത്. കല്‍പ്പറ്റയും സുല്‍ത്താന്‍ ബത്തേരിയും കോണ്‍ഗ്രസിനെ പിന്തുണച്ചു.
അതേസമയം കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് സീറ്റില്‍ രണ്ടെണ്ണം യു.ഡി.എഫ് നേടിയപ്പോഴും മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആകെ മൂന്ന് ജില്ലകളിലാണ് കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഇല്ലാതെ പോയത്. കാസര്‍ഗോഡ്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ സ്വാധീനം ചെലുത്തിയെങ്കിലും ആ നേട്ടം കൈവരിക്കാന്‍ കോണ്‍ഗ്രസിനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Congress Defeat In Kerala Election 2021