മുംബൈ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സംസ്ഥാനത്ത് ബി.ജെ.പി മന്ത്രിസഭ വരുന്നത് ഇഷ്ടമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡേട്ടിവാര്‍. സംസ്ഥാനത്ത് ബി.ജെ.പി മന്ത്രിസഭ ഉണ്ടാവുന്നത് എതിര്‍ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതിന് ശേഷമാണ് വഡേട്ടിവാറിന്റെ പ്രസ്താവന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞങ്ങളുടെ എം.എല്‍.എമാരുടെ നിലപാട് ബി.ജെ.പിയെ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല എന്നാണ്. ബി.ജെ.പി സഖ്യസര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു കൊല്ലം സംസ്ഥാനം ഭരിച്ചു. എന്താണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്?. 16000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് വഡേട്ടിവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തിന് ശേഷമായിരുന്നു വഡേട്ടിവാറിന്റെ പ്രതികരണം.
കോര്‍ കമ്മറ്റി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ബാലാസാഹേബ് തോറാട്ട്, അശോക് ചവാന്‍, ഹുസൈന്‍ ധല്‍വായ്, വിശ്വജിത്ത് ദേശ്മുഖ്. സച്ചിന്‍ സാവന്ത് എന്നിവര്‍ പങ്കെടുത്തു. ശിവസേനയുമായി സഹകരിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നുവെന്നാണ് വിവരം.
എന്നാല്‍ അടുത്ത നീക്കം എന്തായിരിക്കണം എന്ന കാര്യത്തില്‍ യോഗം തീരുമാനമെടുത്തില്ല. ശിവസേനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം അടുത്ത നടപടികള്‍ സ്വീകരിക്കാമെന്നാണ് നേതാക്കളുടെ നിലപാട്.