ബി.ജെ.പിയെ ഒരു തരത്തിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നില്ല; ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്
West Bengal Election 2021
ബി.ജെ.പിയെ ഒരു തരത്തിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നില്ല; ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 10:54 pm

 

കൊല്‍ക്കത്ത: വരാനിരിക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായി കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി.

‘ഇന്നലെ സംസ്ഥാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. അതില്‍ ഒരു വിഭാഗം ഭവാനിപൂരില്‍ മത്സരിക്കണമെന്നുള്ള നിലപാടിലായിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം അതിനെ എതിര്‍ക്കുകയും ചെയ്തു. അധ്യക്ഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഹൈക്കമാന്റിനെ അറിയിക്കേണ്ടത് എന്റെ കടമയാണ്,’ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ നിന്നും കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് എ.ഐ.സി.സി തന്നെ അറിയിച്ചിട്ടുണ്ടെന്നും ബി.ജെ.പിയെ ഒരു തരത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന പ്രവര്‍ത്തിയാവുമെന്നും ചൗധരി പറഞ്ഞു.

ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ബി.ജെ.പിയെ നേരിടാന്‍ വിശാല പ്രതിപക്ഷ ഐക്യം വേണമെന്നാണ് മമതയുടെ നിലപാട്. ഇതിനായി സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളേയും ഒരു കുടക്കീഴിലാക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും തൃണമൂലിനുമെതിരെ ഇടത് പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. എന്നാല്‍ ഒരു സീറ്റില്‍ പോലും പാര്‍ട്ടിയ്ക്ക് ജയിക്കാനായിരുന്നില്ല.

സെപ്റ്റംബര്‍ 30നാണ് ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന് നടക്കും.

മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത, തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എം.എല്‍.എ സോവന്‍ദേവ് ചതോപാധ്യ രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress decides not to field candidate for Bhavanipur bypoll