| Thursday, 25th July 2019, 9:39 am

കോണ്‍ഗ്രസ് ഭീഷണി ഫലിച്ചു; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ പങ്കിടാന്‍ ധാരണ. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവിഭാഗങ്ങളും പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന ധാരണയിലെത്തിയത്.

ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിനാണ് ലഭിക്കുക. എന്നാല്‍ ഈ നിര്‍ദേശത്തോട് ജോസ് കെ. മാണി പൂര്‍ണമായും യോജിച്ചിട്ടില്ലെന്നാണ് വിവരം. സമവായത്തില്‍ എത്തിയില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കള്‍ ഇരുവിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ ചര്‍ച്ച പുലര്‍ച്ചെ 2.30ഓടെയാണ് അവസാനിച്ചത്. വൈകിട്ട് ആറ് മണി വരെ പി.ജെ ജോസഫുമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ രാത്രി 11 മണിയോടെ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന നിര്‍ദേശം ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെക്കുകയായിരുന്നു.

യു.ഡി.എഫ്. അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് തെരഞ്ഞെടുപ്പ് നടക്കും. ഇതിന് ക്വാറം ബാധകമായിരിക്കില്ല.

ഭരണത്തിന്റെ അവസാനവര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിനിധി സണ്ണി പാമ്പാടി സ്ഥാനമെഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

തുടര്‍ന്ന് ജോസ്, ജോസഫ് വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. സെബാസ്റ്റാന്‍ കളത്തുങ്കലാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥി. അജിത് മുതിരമലയാണ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി.

ഒരു വര്‍ഷവും മൂന്ന് മാസവുമാണ് ജില്ലാ പഞ്ചായത്തിന്റെ കാലാവധി. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനു എട്ടും കേരള കോണ്‍ഗ്രസിനു ആറും അംഗങ്ങളാണുള്ളത്.

We use cookies to give you the best possible experience. Learn more