തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം. എം.എല്‍.എ സച്ചിന്‍ ദേവിനെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മേയര്‍ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടക്കുന്നത്.
വലത്-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് ആര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നത്.
ആര്യയുടെയും സച്ചിന്‍ ദേവിന്റെയും വിവാഹ വാര്‍ത്ത പുറത്തു വന്നതിന് ശേഷമുള്ള മേയറുടെ പോസ്റ്റിന് താഴെയാണ് ഇത്തരത്തില്‍ അധിക്ഷേപ കമന്റുകള്‍ എത്തുന്നത്. തീര്‍ത്തും വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് വലത് സൈബര്‍ സ്‌പേസുകള്‍ ആര്യയെയും സച്ചിന്‍ ദേവിനെയും അധിക്ഷേപിച്ച് കമന്റുകളിടുന്നത്.
മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് താഴെയും ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള അശ്ലീലവും ദ്വയാര്‍ത്ഥപരമായ കമന്റുകള്‍ വരുന്നുണ്ട്. ‘ഇന്ത്യയിലെ പ്രായം കുറഞ്ഞ് തേപ്പുകാരി’, ‘എന്തിന് തേച്ചൂ മേയരൂറ്റി’, ‘തേപ്പ് എന്ന വാക്കി മാറ്റി ഇനി മേയറടി എന്നാക്കിയാലോ’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.
‘എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം’ എന്ന ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് കീഴിലാണ് ഇത്തരത്തിലുള്ള കമന്റുകള്‍ എത്തുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാവുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ക്കെതിരെ അധിക്ഷേപ വര്‍ഷമുയരുന്നത്.
അതേസമയം, ഇടത് പ്രൊഫൈലുകള്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നുമുണ്ട്.
ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. പിന്നീട് എസ്.എഫ്.ഐയിലെ പ്രവര്‍ത്തനകാലത്തും ഉണ്ടായിരുന്ന സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് 28കാരനായ സച്ചിന്‍ ദേവ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ ദേവ് കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.
നിലവില്‍ എസ്.എഫ്.ഐയുടെ അഖലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ് സച്ചിന്‍ ദേവ്.
23കാരിയായ ആര്യാ രാജേന്ദ്രന്‍ 2020 ഡിസംബറിലായിരുന്നു തിരുവനന്തപുരം മേയറായി അധികാരമേറ്റത്.
Content highlight: Congress Cyber attack against Mayor Arya Rajendran