അഗര്‍ത്തല: അസമിലെ പ്രളയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ അസമില്‍ പ്രളയമുണ്ടാകില്ലെന്ന് അമിത് ഷാ നല്‍കിയ ഉറപ്പിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
‘വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അസം വെള്ളപ്പൊക്ക രഹിത സംസ്ഥാനമാകും. ബി.ജെ.പിക്ക് അഞ്ച് വര്‍ഷം കൂടി തരൂ, അതോടെ അസം ഒരു പ്രളയരഹിത സംസ്ഥാനമായി മാറും. ഇനിയൊരിക്കലും ഇവിടെ വെള്ളപ്പൊക്കമുണ്ടാവില്ല,’ എന്നായിരുന്നു അമിത് ഷായുടെ വാഗ്ദാനം.
2021 ൽ ദേശീയ മാധ്യമമായ മിന്റ് നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
നസീറയില്‍ നടന്ന പ്രചരണ റാലിയിലായിരുന്നു ഷാ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അസമില്‍ വീണ്ടും പ്രളയമുണ്ടായെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി ഈ സമയം വിദേശ യാത്രയിലാണെന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. രണ്ട് ദിവസത്തെ റഷ്യന്‍ പര്യടനത്തിനായി മോദി മോസ്‌കോയില്‍ എത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
അസമിലെ തീവ്രവാദം ഇല്ലാതാക്കിയതുപോലെ പ്രളയത്തിനും അറുതിവരുത്തുമെന്നായിരുന്നു ഷായുടെ മറ്റൊരു പരാമര്‍ശം. എന്നാല്‍ സംസ്ഥാനത്തെ ഭീകരാക്രമണങ്ങളെ നിയന്ത്രിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.
2023 ഡിസംബറില്‍ കിഴക്കന്‍ അസമിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയതിന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ തലവന്‍ പരേഷ് ബറുവയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എന്‍.ഐ.എ കുറ്റം ചുമത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോക്‌സഭയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് രാഹുല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
അസമിലെ വെള്ളപ്പൊക്കം കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്നു. ഇരട്ട എഞ്ചിനായിട്ടും പ്രളയത്തില്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചിരുന്നു. സംസ്ഥാനത്തിന് തക്കതായ എല്ലാ സഹായവും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഞാന്‍ അസമിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പാര്‍ലമെന്റില്‍ ഞാന്‍ അവരുടെ സൈനികനാണ്,’ എന്നും സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ പ്രതികരിച്ചിരുന്നു.
Content Highlight: Congress criticizes Union Home Minister Amit Shah over floods in Assam