| Thursday, 24th November 2022, 8:25 am

രാഹുലിനെ സദ്ദാം ഹുസൈനെന്ന് അസം മുഖ്യമന്ത്രി വിളിച്ചത് സംവാദ വിഷയമാക്കി ദേശീയ മാധ്യമങ്ങള്‍; നിങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെപ്പോലെയുണ്ടെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനയെ സംവാദ വിഷയമാക്കിയ ദേശീയ മാധ്യമങ്ങളുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.

തങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നവെന്നത് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് കോണ്‍ഗ്രസിന്റെ മീഡിയ വിഭാഗം തലവനായ ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാഹുല്‍ ഗാന്ധിയുടെ താടിയെക്കുറിച്ചുള്ള അസം മുഖ്യമന്ത്രിയുടെ അശ്ലീലവും തീര്‍ത്തും സ്വീകാര്യമല്ലാത്തതുമായ അഭിപ്രായങ്ങളെക്കുറിച്ച് നിരവധി ടി.വി ചാനലുകള്‍ സംവാദങ്ങള്‍ നടത്തിയത് ശരിക്കും ദയനീയമായ കാര്യമാണ്.

ഇത് #BharatJodoYatraയെ നിസാരമാക്കുന്ന നടപടിയാണ്. ഈ ചാനലുകള്‍ തങ്ങള്‍ എവിടെ എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തണം,’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഡിസംബര്‍ ഒന്നിനും, അഞ്ചിനും രണ്ട് ഘട്ടമായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അഹമ്മദാബാദില്‍ സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ പരാമര്‍ശം.

രാഹുല്‍ സര്‍ദാര്‍ പട്ടേലിനെ പോലെയോ, നെഹ്റുവിനെപ്പോലെയോ, മഹാത്മാ ഗാന്ധിയെപ്പോലെയോ മാറിയിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ജോഡോ യാത്രയുടെ ഭാഗമായി പര്യടനം നടത്തില്ലെന്ന് രാഹുല്‍ തീരുമാനിച്ചിരുന്നുവെന്നും, തെരഞ്ഞടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലുടെ യാത്ര നടത്തുന്നത് തോല്‍വി പേടിച്ചാണെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.

CONTENT HIGHLIGHT: Congress criticized the action of the national media in debating Assam Chief Minister Himanta Biswa Sharma’s statement that Rahul Gandhi. looked like Saddam Hussain

We use cookies to give you the best possible experience. Learn more