| Monday, 7th October 2024, 5:15 pm

ജാതി സെന്‍സസ് മനപൂര്‍വം വൈകിപ്പിക്കുന്നു; ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും നടപ്പിലാക്കാനുള്ള സാധ്യയില്ല: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാതി സെന്‍സസ് വൈകിപ്പിക്കുന്നതില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിലൂടെ മാത്രമേ കഴിയൂ എന്നും ഇന്ത്യയില്‍ ഇക്കാലത്തൊന്നും സെന്‍സസ് നടപ്പാക്കാനുള്ള സാധ്യത കാണുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ശ്രീലങ്കയില്‍ 2012ന് ശേഷം സെന്‍സസ് നടത്തുന്ന പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ പരാമര്‍ശം. 2021ല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് പറഞ്ഞ വാര്‍ഷിക സെന്‍സസ് ഇക്കാലയളവിലൊന്നും നടന്നിട്ടില്ലെന്നും അത് സംഭവിക്കാനുള്ള ലക്ഷണങ്ങളൊന്നും ഇപ്പോള്‍ കാണുന്നില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വിദ്യാഭ്യാസത്തിലും തൊഴിലിലും അര്‍ത്ഥവത്തായ തലത്തില്‍ സമത്വം ഉണ്ടാകണമെങ്കില്‍ ജാതി സെന്‍സസ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജാതി സെന്‍സസിലൂടെ മാത്രമേ വിദ്യാഭ്യാസത്തിലും തൊഴിലിലും സമ്പൂര്‍ണവും അര്‍ത്ഥമുള്ളതുമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി ഉറപ്പാക്കാനാകൂ,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴിയുള്ള ആനുകൂല്യങ്ങള്‍ പത്ത് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ടെന്നും അതിന് കാരണം 2011ല്‍ നടന്ന സെന്‍സസ് ഇപ്പോഴും പരിഗണിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1951 മുതല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിശദമായ കണക്കെടുപ്പ് ഓരോ പത്ത് വര്‍ഷം കൂടുമ്പോള്‍ നടക്കുന്നതായും ഇപ്പോള്‍ വേണ്ടത് ഒ.ബി.സിയിലെയും മറ്റ് ജാതിയിലെയും വിശദമായ കണക്കെടുപ്പാണെന്നും ജയറാം രമേശ് പറഞ്ഞു.

‘എന്തുകൊണ്ടാണ് നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രി ജാതി സെന്‍സസ് വൈകിപ്പിക്കുന്നത്, അതും ജാതി കണക്കാണോ?, ‘ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

Content Highlight: congress criticize central government in caste census

We use cookies to give you the best possible experience. Learn more