ന്യൂദല്‍ഹി: ഡോക്ടറില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതിന് തമിഴ്‌നാട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ നശിപ്പിക്കുകയും അവയെ രാഷ്ട്രീയ ഉപകരണങ്ങളായി മാറ്റുകയുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘ബി.ജെ.പിയുടെ താരപ്രചാരകരില്‍ ഒരാള്‍ക്ക് കാലിടറി. ഇത്തവണ തമിഴ്‌നാട്ടിലാണ്. രാജസ്ഥാനില്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ 15 ലക്ഷം രൂപ കൈക്കൂലിയുമായി പിടിക്കപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷം മറ്റൊരു ഇ.ഡി ഉദ്യോഗസ്ഥന്‍ 20 ലക്ഷം രൂപയുമായി തമിഴ്‌നാട്ടില്‍ പിടിയിലായി. ഇ.ഡി , സി.ബി.ഐ, ഐ.ടി എന്നിവയെ പ്രതിപക്ഷത്തെയും സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നവരെയും ഭീഷണിപ്പെടുത്താനുള്ള രാഷ്ട്രീയ ഉപകരണങ്ങളാക്കി മോദി സര്‍ക്കാര്‍ മാറ്റി. ഇതിലൂടെ അവയുടെ സല്‍പ്പേരിനെ മോദി സര്‍ക്കാര്‍ പൂര്‍ണമായും ഇല്ലാതാക്കി. ഇപ്പോള്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ സ്വന്തമായി മിനി കൊള്ള റാക്കറ്റുകള്‍ നടത്തുകയാണ്,’ ജയറാം രമേശ് പറഞ്ഞു.
‘ഇന്നലെ തമിഴ്‌നാട് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരാളെ അറസ്റ്റ് ചെയ്തു. ഇത് ആദ്യമായല്ല അവസാനത്തതും അല്ല. നേരത്തെ നിരവധിപേരെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ രാജസ്ഥാനിലും സമാനമായ സംഭവം ഉണ്ടായി. ഒരു വ്യക്തിയുടെ തെറ്റിന് നിങ്ങള്‍ക്ക് ഏജന്‍സിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല,’ ബി.ജെ.പി നേതാവ് അണ്ണാമലൈ പറഞ്ഞു.
content highlight : congress criticize bjp on ED officres arrest in Tamil nadu