അദാനിയുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണി: ജയറാം രമേശ്
national news
അദാനിയുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണി: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2024, 5:09 pm

ന്യൂദൽഹി: അദാനിയുടെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. അദാനി ഗ്രൂപ്പിന്റെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ ദേശീയ സുരക്ഷയെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റെഗുലേറ്ററി ഫയലിങ് അനുസരിച്ച്, സപ്ലൈ ചെയിൻ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്‌മെൻ്റ് സേവനങ്ങളും നൽകുന്ന ബിസിനസ്സ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയിൽ ഒരു സബ്‌സിഡറി രൂപീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

ഇന്ത്യയുടെ വിദേശനയ താത്പര്യങ്ങൾ അദാനി ഗ്രൂപ്പി​ന്‍റെ വാണിജ്യ താത്പര്യങ്ങൾക്ക് വിധേയമാക്കുന്നത് ആഗോളതലത്തിൽ രാജ്യത്തെ വൻ തിരിച്ചടികളിലേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതോടെ, ചൈനക്ക് ക്ലീൻ ചിറ്റ് നൽകാൻ മോദി തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അദാനി ഗ്രൂപ്പ് ചൈനയിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടതോടെ, ചൈനക്ക് ക്ലീൻ ചിറ്റ് നൽകാൻ മോദി തയ്യാറായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ അനിയന്ത്രിതമായ ചൈനീസ് ഇറക്കുമതിക്കെതിരെ താരിഫുകളും ആൻ്റി ഡംപിങ് അന്വേഷണങ്ങളും നടത്തി വരികയാണ്. എന്നാൽ ഇവിടെയോ, ജൈവശാസ്ത്രപരമല്ലാതെ ജനിച്ച പ്രധാനമന്ത്രി ചൈനക്ക് ക്ലീൻ ചിറ്റ് നൽകുന്നു. നമ്മുടെ അതിർത്തികളിലും നമ്മുടെ പ്രദേശത്തിനകത്തും ചൈനീസ് സൈനികരുടെ ദേശീയ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ സർക്കാർ അതിനെ വേണ്ടവിധത്തിൽ അഭിസംബോധന ചെയ്തിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ടിക് ടോക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയരുകയും അത് ആഭ്യന്തര വ്യവസായത്തെ തകർക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിലും കിഴക്കൻ ഏഷ്യയിലും അദാനി ഗ്രൂപ്പിൻ്റെ മുൻ പ്രവർത്തനങ്ങൾ വളരെ സംശയാസ്പദമാണെന്നും തായ്‌വാൻ വ്യവസായിയായ ചാങ് ചുങ്-ലിങ് നിരവധി അദാനി ഗ്രൂപ്പുകളുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 ൽ, യു.എൻ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയിലേക്ക് എണ്ണ കടത്തുന്നതിനിടെ ചുങ്-ലിങ്ങിൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ പിടിക്കപ്പെട്ടിരുന്നെന്നും കള്ളക്കടത്ത് കപ്പലിൻ്റെ പ്രവർത്തനത്തിന് ‘ഷാങ്‌ഹായ്‌ അദാനി ഷോപ്പിങ്’ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് ഭാഗികമായി ധനസഹായം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദാനിയുടെ വിദേശ നിക്ഷേപം പലപ്പോഴും നമ്മുടെ ദേശീയ താത്പര്യത്തിന് ഭീഷണിയാകുന്നതാണെന്നും ജയറാം രമേശ് അവകാശപ്പെട്ടു. ഉദാഹരണമായി ശ്രീലങ്ക, കെനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അദാനിയുടെ താത്പര്യങ്ങൾ എല്ലാം ഇന്ത്യയെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

Content Highlight: Congress criticises Adani’s China venture, warns of national security risks