ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സമര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ട്.
മന്ത്രിസഭ പുനഃസംഘടന നടത്തുമ്പോള്‍ തന്റെ പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗെലോട്ട് ഈ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ്.
പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം നടന്നതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ പങ്കെടുത്തതതായാണ് വിവരം. രാഹുല്‍ ഗാന്ധി യോഗത്തില്‍ ഉണ്ടായിരുന്നില്ല.
എത്രയും പെട്ടെന്ന് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് നേതൃത്വം പറയുന്നത്.
2023 ലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാനുള്ള നീക്കവും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്.
ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിച്ചു.