| Friday, 1st October 2021, 10:26 am

ഉദ്ദവിന്റെ തീരുമാനം ഗുണം ചെയ്യുക ബി.ജെ.പിക്ക്; ശിവസേനയോട് ഇടഞ്ഞ് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമിടയില്‍ അസ്വാരസ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മള്‍ട്ടി മെമ്പര്‍ സംവിധാനം തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പുതിയ സംവിധാനം മൂലം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ നഷ്ടമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പേടി.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി സിംഗിള്‍ അല്ലെങ്കില്‍ ഇരട്ട അംഗങ്ങളുള്ള സിവില്‍ വാര്‍ഡുകള്‍ വേണമെന്ന് നേരത്തെ കോണ്‍ഗ്രസും എന്‍.സി.പിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവസേന മള്‍ട്ടി-മെമ്പര്‍ സിവില്‍ വാര്‍ഡുകളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യാന്‍ സാധ്യതയില്ല.

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) ഒഴികെയുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഒറ്റ അംഗമോ അല്ലെങ്കില്‍ പരമാവധി രണ്ട് അംഗങ്ങളോ മതിയെന്നായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പടോലെ പറഞ്ഞത്.

മള്‍ട്ടി-മെമ്പര്‍ സമ്പ്രദായത്തില്‍, ന്യൂനപക്ഷങ്ങളുടെയും സംവരണ വിഭാഗങ്ങളുടെയും വോട്ടുകള്‍ വിഭജിക്കപ്പെടുകയും ഇത് ബി.ജെ.പിക്ക് കൂടുതല്‍ പ്രയോജനം ചെയ്യുകയും ചെയ്യുമെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഒറ്റ അംഗ വാര്‍ഡുകളില്‍, ന്യൂനപക്ഷവും സംവരണ വിഭാഗവും ഒരു ബ്ലോക്കില്‍ വോട്ടുചെയ്യുകയും അത് കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഗുണം ചെയ്യുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Congress Crisis, New issues in Maharashtra

We use cookies to give you the best possible experience. Learn more