ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരിലെ സ്ഥിതി അപകടകരമാണെന്നും ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിനെ അവഗണിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സര്‍വകക്ഷി പ്രതിനിധി സംഘത്തെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ‘ മന്‍കി ബാത്തില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത് മണിപ്പൂര്‍ കി ബാത്ത് ആണ്. മണിപ്പൂരിലെ സാഹചര്യം അപകടകരവും അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംഘര്‍ഷത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ ഒരു മീറ്റിങ്ങിന് പോലും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചിട്ടില്ലെന്നും സര്‍വ കക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
‘കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കിയിട്ടില്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കത്തുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഒരു മന്‍കി ബാത്തും കൂടി എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ മൗനമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും പറഞ്ഞത്.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 100ല്‍ ഏറെ ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 30,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനക്ക് പുറമെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.
മെയ്തി വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്നഗോത്ര ഇതര വിഭാഗമാണ് മെയ്തികള്‍. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുകി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.
Content Highlight: Congress cricises modi silent on manipur conflict