| Saturday, 8th June 2024, 5:15 pm

ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെ.ഡി.യു വാദത്തിനെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.ഡി.യുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി നേതൃത്വം. നിതീഷ് കുമാറിന് ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെ.ഡി.യു വാദത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വിമര്‍ശനമുയര്‍ത്തിയത്. ജെ.ഡി.യു നേതാവായ കെ.സി. ത്യാഗിയുടെ പരാമര്‍ശങ്ങളിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ ദേശീയ കണ്‍വീനറാക്കാന്‍ വിസമ്മതിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനുള്ള വാഗ്ദാനങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ കളിയാണെന്നായിരുന്നു ത്യാഗിയുടെ പരാമര്‍ശം. ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസ് നേതാക്കളും നിതീഷ് കുമാറിനോട് മോശമായി പെരുമാറുന്നു. തന്റെ പാര്‍ട്ടി ഇനി ഒരിക്കലും എന്‍.ഡി.എ വിട്ട് ഇന്ത്യാ സഖ്യത്തിലേക്ക് വരില്ലെന്നും ത്യാഗി പറഞ്ഞിരുന്നു.

എന്നാല്‍ ജെ.ഡി.യു നേതാവിന്റെ പ്രസ്താവന കോണ്‍ഗ്രസ് നിഷേധിച്ചു. നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് എന്‍.ഡി.എ സഖ്യകക്ഷികള്‍ പറയുന്നതെന്നും എ.ഐ.സി.സി പ്രതികരിച്ചു. ജെ.ഡി.യു എന്‍.ഡി.എ സഖ്യത്തിലെ പ്രധാന സഖ്യകക്ഷിയായിരിക്കെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുള്ള ആദ്യ എന്‍.ഡി.എ പാര്‍ലമെന്റ് യോഗത്തില്‍ ഇന്ത്യാ സഖ്യം ഇന്ത്യക്കായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം വികസിതമാകുമെന്നും നിതീഷ് കുമാര്‍ പറയുകയുണ്ടായി.

എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇന്ത്യാ സഖ്യത്തിന്റെ രൂപീകരിക്കുന്നതിന് മുന്‍പന്തിയില്‍ നിന്ന് വ്യക്തിയാണ് നിതീഷ് കുമാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സഖ്യത്തിന്റെ ദേശീയ കണ്‍വീനറാക്കണമെന്ന് മമത നിര്‍ദേശിച്ചതോടെയാണ് അദ്ദേഹം എന്‍.ഡി.യിലേക്ക് കൂറുമാറിയത്.

അതേസമയം ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പ്രധാന കേന്ദ്ര വകുപ്പുകള്‍ അടക്കം ആവശ്യപ്പെട്ടുകൊണ്ട് ജെ.ഡി.യുവും ടി.ഡി.പിയും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

Content Highlight: Congress counters JDU’s claim that India alliance has promised PM post

We use cookies to give you the best possible experience. Learn more