| Monday, 9th March 2020, 1:56 pm

യെസ് ബാങ്കിന്റെ തകര്‍ച്ചക്കിടെ റാണാ കപൂറിന് പ്രിയങ്ക വിറ്റ ചിത്രം ആയുധമാക്കി ബി.ജെ.പി; കണക്കുകള്‍ നിരത്തി തിരിച്ചടിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ പതനം പൂര്‍ണമായതോടെ കുറ്റം മറ്റുള്ളവരില്‍ ചുമത്താനുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗാന്ധി കുടുംബത്തെ നേരിട്ട് ആക്രമിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബാങ്ക് തകര്‍ന്നതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കാതെ, യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂറുമായി ഗാന്ധി കുടുംബത്തിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി നീക്കങ്ങള്‍ നടത്തിയത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി സമ്മാനിച്ച എം.എഫ് ഹുസൈന്റെ പെയിന്റിങുകളടക്കമാണ് റാണാ കപൂറിന്റെ വീട്ടില്‍നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തതെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ബി.ജെ.പി ഐ.ടി സെല്‍ വിങ് മേധാവി അമിത് മാളവിയ, ഗാന്ധി കുടുംബത്തിന് നേരെ ആക്രമണവുമായി രംഗത്തെത്തി. ഇന്ത്യയില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നായിരുന്നു മാളവിയയുടെ പരാമര്‍ശം.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തി.

എം.എഫ് ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ ചിത്രം പ്രിയങ്കാ ഗാന്ധി റാണാ കപൂറിന് രണ്ട് കോടി രൂപയ്ക്ക് വിറ്റിരുന്നു. അത് 2010ല്‍ ആദായ നികുതി റിട്ടേണില്‍ മുഴുവന്‍ തുകയും വ്യക്തമാക്കിയിട്ടുള്ളതുമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ ഇപ്പോള്‍ അനാവശ്യ ചര്‍ച്ചകളായി കൊണ്ടുവന്ന് സര്‍ക്കാരിന്റെ മേലുള്ള പഴി ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014ലാണ് യെസ് ബാങ്കിന്റെ കട ബാധ്യത 55,633 കോടിയായി ഉയര്‍ന്നത്. മോദി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ 2019ല്‍ ബാങ്കിന്റെ കടം 2,41,499 കോടിയായി കുതിച്ചുയര്‍ന്നു എന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

‘എന്തുകൊണ്ടാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് വര്‍ഷവും ബാങ്കിന്റെ കട ബാധ്യത കുത്തനെ കൂടിയത്? പ്രധാനമന്ത്രിയും ധനമന്ത്രിയും ഉറക്കത്തിലായിരുന്നോ? അതോ അവഗണിക്കുന്നതോ?’, സിംഗ്‌വി ചോദിച്ചു.

രാജ്യത്തെ എല്ലാ സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സോണിയാ ഗാന്ധിക്ക് വിജയ് മല്യ വിമാനടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മല്യ രാജ്യത്തുനിന്നും ഒളിച്ചോടി. നീരവ് മോദിയുടെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഗാന്ധിയായിരുന്നു. നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാണ്. റാണ കപൂര്‍ പ്രിയങ്കാ ഗാന്ധിയില്‍നിന്നും ചിത്രങ്ങള്‍ വാങ്ങിയെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more