ജയ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാര്‍ക്ക് ഗോമൂത്ര ശുദ്ധീകരണ ചടങ്ങ് നടത്തി രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ. അഴിമതി പരിഹരിക്കാനും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്യാനുമാണ് ഗോമൂത്ര ശുദ്ധീകരണ ചടങ്ങ് നടത്തിയത്.
ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെറിറ്റേജില്‍ വെച്ച് ബി.ജെ.പി എം.എല്‍.എ ബല്‍മുന്ദ് ആചാര്യായാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയത്.
ഗംഗാനദിയില്‍ നിന്നുള്ള വെള്ളവും ഗോമൂത്രവും ഉപയോഗിച്ച് നടത്തിയ ചടങ്ങില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തുന്നത് അവരെ ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് ചടങ്ങിന് നേതൃത്വം കൊടുത്ത ആചാര്യ വാദിച്ചത്.
ചടങ്ങ് ആത്മീയ ശുദ്ധീകരണത്തിന് വേണ്ടിയുള്ളതാണെന്നും തെറ്റ് ചെയ്തവരെ സനാതന മൂല്യമുള്ളവരാക്കാനും ശുദ്ധീകരണത്തിലൂടെ കഴിയുമെന്നും ഹത്തോജ് ധാം ക്ഷേത്രത്തിലെ മഹന്ത് ആയ ആചാര്യ പ്രതികരിച്ചു. ഇവരെ ഹൈന്ദവ മൂല്യമുള്ള ആളുകളാക്കാനും ശുദ്ധീകരണം സഹായിക്കുമെന്നും ആചാര്യ പറഞ്ഞു.
ശുദ്ധീകരണ ചടങ്ങ് നടത്തിയതിനാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരില്‍ ആരും അഴിമതി നടത്തില്ലെന്നും ഇനി സത്യസന്ധരായി പ്രവര്‍ത്തിക്കുമെന്നും ചടങ്ങിന് നേതൃത്വം കൊടുത്ത ബല്‍മുകുന്ദ് ആചാര്യ പറഞ്ഞു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. ജയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെറിറ്റേജ് മുന്‍ മേയര്‍ ഗുര്‍ജാര്‍ ഉള്‍പ്പെടെയുള്ളവരാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയും കൂറുമാറുകയും ചെയ്തത്.
Content Highlight: congress councilors were purified by bjp through gomuthra pooja