|

ബാങ്ക് നിയമനത്തിന് വാങ്ങിയ കോഴ പാര്‍ട്ടിക്ക് കിട്ടിയില്ല; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് വെല്‍ഡ് ചെയ്ത് പൂട്ടി യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഇരുമ്പ് താഴ് വെല്‍ഡ് ചെയ്ത് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരൂര്‍ ബി.പി അങ്ങാടിയിലെ തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്‍ഡ് ചെയ്ത് പൂട്ടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന തലക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ നിയമനത്തിന് വേണ്ടി വാങ്ങിയ കോഴ ഡയറക്ടര്‍മാര്‍ സ്വന്തമാക്കിയെന്നും പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നടപടി.

നിയമനത്തിന് വേണ്ടി വാങ്ങിയ കോഴ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി നല്‍കണമെന്ന് നേരത്തെ തന്നെ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഔദ്യോഗികമായി കത്തും നല്‍കിയിരുന്നു.

ഇത് നടക്കാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം വെല്‍ഡിങ് മെഷീന്‍ അടക്കം കൊണ്ടുവന്ന് തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഇരുമ്പ് താഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്‍ഡ് ചെയ്ത് തുറക്കാന്‍ പറ്റാത്ത രീതിയില്‍ പൂട്ടിയത്. തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമില്ലാതെ ഇനി ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണം നടത്തുന്ന ബാങ്കാണ് തലക്കാട് സര്‍വീസ് സഹകരണ ബാങ്ക്. ഇവിടെ കാലങ്ങളായി നടന്നു വരുന്ന നിയമനങ്ങള്‍ക്ക് കോഴ വാങ്ങുന്നുണ്ടെന്നും ഈ പണം പാര്‍ട്ടിക്ക് ലഭിക്കാറില്ലെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു.

എന്നാല്‍ മണ്ഡലം പ്രസിഡന്റുമാരായിരുന്ന ആളുകള്‍ തന്നെയാണ് ബാങ്ക് പ്രസിഡന്റുമാരും എന്നുള്ളതിനാല്‍ ഈ പരാതി മുഖവിലക്കെടുത്തിരുന്നില്ല. നിരവധി തവണ ഈ പരാതി യോഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ഉന്നയിക്കാറുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല.

എന്നാല്‍ പുതിയ മണ്ഡലം പ്രസിഡന്റ് വന്നതോടെ രേഖാമൂലം പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് അടച്ചുപൂട്ടുന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പരാതിയില്‍ നടപടിയില്ലാതെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.

content highlights: Congress constituency committee office welded and locked by Youth Congress workers

Video Stories