| Sunday, 8th October 2023, 7:09 pm

ഇസ്രഈലിനെതിരായ ആക്രമണങ്ങളില്‍ അപലപിക്കുന്നു, ഫലസ്തീന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം സംവാദങ്ങള്‍: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രഈലിനെതിരായി നടന്ന ആക്രമണങ്ങളെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരവും നല്‍കുന്നില്ലെന്നും അത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സിലൂടെ പറഞ്ഞു.

ഫലസ്തീന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം സംവാദങ്ങളാണെന്ന് പറഞ്ഞ പ്രസ്താവനയില്‍ ഇസ്രഈല്‍ നടത്തിയ ഗസക്ക് നേരെ നടത്തിയ പ്രത്യാക്രമങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല.

‘ഇസ്രഈല്‍ ജനതയ്ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അപലപിക്കുന്നു. ഇസ്രഈല്‍ ജനതയുടെ നിയമാനുസൃതമായ ദേശീയ സുരക്ഷാ താത്പ്പര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ ഫലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും അന്തസ്സുമുള്ള ജീവിതത്തിന് വേണ്ടിയുള്ള ന്യായമായ അഭിലാഷങ്ങള്‍ നിറവേറ്റപ്പെടുകയുള്ളൂ.

ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്ന നിലപാടാണ്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരം നല്‍കുന്നില്ല, അത് അവസാനിപ്പിക്കണം,’ ജയറാം രമേശ് പറഞ്ഞു.

അതേസമയം, ഇരുഭാഗത്തുനിന്നും അക്രമണം തുടരുന്നതിനിടെ ഇസ്രഈലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് ഇന്ത്യയുള്ളതെന്നും ഇസ്രഈലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചിരുന്നത്.

Content Highlight: Congress condemns the attacks on Israel led by Hamas

Latest Stories

We use cookies to give you the best possible experience. Learn more