ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ്. എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാ ഗവര്‍ണറാക്കി നിയമിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.
‘ഏതെങ്കിലും വ്യക്തികളെ സംബന്ധിക്കുന്ന പ്രശ്‌നമല്ല ഇത്. വ്യക്തിപരമായി എനിക്ക് അറിയാവുന്നയാളാണ് അദ്ദേഹം. മികച്ച വ്യക്തിത്വമാണ്. പക്ഷെ ഇവിടെ പ്രശ്‌നം അതല്ല.
പ്രത്യയശാസ്ത്രപരമായാണ് ഞങ്ങള്‍ ഈ നിയമനത്തെ എതിര്‍ക്കുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്രമായ പ്രവര്‍ത്തനത്തിന് ഭീഷണിയാകുന്ന നടപടിയാണിതെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.
അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയെ ഞങ്ങള്‍ ഏറ്റവും ശക്തമായി അപലപിക്കുന്നു, എതിര്‍ക്കുന്നു. ഈ നടപടിയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല,’ അഭിഷേക് മനു സിങ്‌വി പറഞ്ഞു.
ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ച അബ്ദുല്‍ നസീര്‍ മുത്തലാഖ്, നോട്ട് നിരോധനം കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ്.
അയോധ്യ കേസില്‍ ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര അവശിഷ്ടങ്ങളുള്ള ഇടമാണെന്നും പള്ളിയുടെ 2.77 ഏക്കര്‍ സ്ഥലം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് നല്‍കണമെന്നും നിലപാടെടുത്ത സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലും അബ്ദുല്‍ നസീര്‍ അംഗമായിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.