ന്യൂദല്‍ഹി: ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയതിലൂടെ കോണ്‍ഗ്രസ് നടത്തിയത് ആത്മഹത്യയാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഉപരാഷ്ട്രപതി ചെയ്തതാണ് ശരിയെന്നും കോണ്‍ഗ്രസിന് ഇത്തരമൊരു നോട്ടീസ് കൊണ്ടുവരാന്‍ ഒരു കാരണവുമില്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
“ഉപരാഷ്ട്രപതിയുടെ തീരുമാനം ശരിയും യുക്തിപൂര്‍വ്വവുമാണ്. കോണ്‍ഗ്രസിന് ഇത്തരമൊരു നോട്ടീസ് കൊണ്ടുവരാന്‍ ഒരു കാരണവുമില്ല. നീതിവ്യവസ്ഥയെ ശല്യം ചെയ്യാന്‍ മാത്രമാണ് അവരുടെ ഉദ്ദേശം. അദ്ദേഹം ശരിയായ തീരുമാനമെടുത്തു. നോട്ടീസ് തള്ളാന്‍ രണ്ടു ദിവസമൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല. അത് ആദ്യമേ തന്നെ കാര്യമില്ലാത്തതും തള്ളേണ്ടതുമാണെന്നാണ് കണക്കാക്കിയത്.” – സ്വാമി പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നോട്ടീസ് ഇന്ന് രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയിരുന്നു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. നോട്ടീസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ട ലംഘനമാണന്നും നായിഡു പറഞ്ഞു.
കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
അതേസമയം ഇംപീച്ച്മെന്റ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ്സ് പക്ഷം.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്മെന്റ് നോട്ടിസ് നല്‍കിയത്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.