ന്യൂദല്‍ഹി: ഹിന്ദു ഭീകരവാദം എന്ന പ്രയോഗം അവതരിപ്പിച്ചത് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപ്രിയരായ ഹിന്ദു സമൂഹത്തെ തീവ്രവാദികളായി ചിത്രീകരിച്ചതും കോണ്‍ഗ്രസ് ആണെന്നും അതിനവര്‍ക്ക് മാപ്പില്ലെന്നും മോദി പറഞ്ഞു. സഝോത എക്‌സ്പ്രസ് തീവെച്ച സംഭവത്തില്‍ സ്വാമി അസീമാനന്ദയടക്കമുള്ളവരെ വെറുതെ വിട്ട സംഭവത്തെ പേരെടുത്ത പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം.
“ഹിന്ദു തീവ്രവാദം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത് ആഭ്യന്തര മന്ത്രി ആയിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ ആണ്. എന്നാല്‍ കോണ്‍ഗ്രസ് രാജ്യത്തെ അപമാനിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്”- അടുത്തിടെ വന്ന കോടതി വിധി സംഝോത സംഭവത്തെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
“അപമാനിതരായ ഹിന്ദു സമൂഹം സമാധാനപ്രിയരും ലോകത്തെ ഒരു കുടുംബമായി കാണുന്നവരുമാണ്. ഹിന്ദു ഭീകരവാദത്തിന് തെളിവായി ഉയര്‍ത്തിക്കാന്‍ ഏതെങ്കിലും ഒരു സംഭവമെങ്കിലുമുണ്ടോ?”. എന്നും അദ്ദേഹം ചോദിച്ചു.
ഈ കാരണത്താല്‍ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാനുള്ള ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നും മോദി പറഞ്ഞു.
രാഹുലിന്റെ പേര് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്. ” ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഭയമാണ്.” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേഠിക്കു പുറമേ രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് മോദി ഇങ്ങനെ പറഞ്ഞത്.
2014ലേതിന് സമാനമായ വര്‍ഗീയ കാര്‍ഡിറക്കിയായിരിക്കും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന സൂചനയാണ് മോദിയുടെ പ്രസ്തവാന എന്നാണ് വിലയിരുത്തല്‍.
സമാന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയും രംഗത്തെത്തിയിരുന്നു. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് ഹിന്ദു സമൂഹത്തിനാകെ കളങ്കമായെന്നും കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
Also Read സംഝോത കേസ് ഹിന്ദു സമൂഹത്തിന് കളങ്കമുണ്ടാക്കി; കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് അരുണ്‍ ജെയ്റ്റ്ലി
അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള പഞ്ചഗുള കോടതിയുടെ വിധി ന്യായം വന്നതിനു പിന്നാലെയാണ് ജെയ്റ്റ്ലി ഇത്തരമൊരു ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്നത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കാരണമാണെന്നായിരുന്നു വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയത്. ശക്തമായ തെളിവുകളുടെ അഭാവം കാരണമാണ് ഈ “ക്രൂരമായ ഹിംസ ശിക്ഷിക്കപ്പെടാതെ” പോയതെന്നാണ് കോടതി പറഞ്ഞത്.
“ഏറെ വേദനയോടെയും ദേഷ്യത്തോടെയുമാണ്” ഈ വിധിന്യായം എഴുതേണ്ടി വന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പ്രസ്താവം അവസാനിപ്പിച്ചത്.
സംഝോത എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാനന്ദ ഉള്‍പ്പെടെ എല്ലാ പ്രതികളേയും മാര്‍ച്ച് 20ന് കോടതി വെറുതെ വിട്ടിരുന്നു. 43 പാക്കിസ്ഥാനികളും 10 ഇന്ത്യക്കാരും 15 അജ്ഞാതരും ഉള്‍പ്പെടെ 68 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.