ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സംഘര്‍ഷത്തിനിടെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും ഷാഫി പറമ്പില്‍ എം.എല്‍.എക്കും പരിക്കേറ്റിട്ടുണ്ട്. കെ.സി. വേണുഗോപാലിനെയും കൊടിക്കുന്നില്‍ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരിക്കുകയാണ്.
ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്കാണ് രാഹുല്‍ എത്തിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വന്നത്. ചോദ്യം ചെയ്യലിനായി രാഹുല്‍ ഇ.ഡി ഓഫീസിലേക്ക് കയറിയതോടെ പ്രിയങ്ക മടങ്ങി.
ഇന്നലെ രാത്രി 11 മണിയോടെയാണ് നാലാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. ഇന്നും ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡി നടപടിക്കെതിരെ എ.ഐ.സി.സി ആസ്ഥാനം കേന്ദ്രീകരിച്ചും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
ഇ.ഡി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് കോണ്‍ഗ്രസ്. 2105ല്‍ വീണ്ടും അന്വേഷണം തുടങ്ങിയ കേസില്‍ ഇതുവരെയും എഫ്.ഐ.ആറിട്ടിട്ടില്ലെന്നും പണമിടപാട് നടത്താതെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് എങ്ങനെ തെളിയിക്കാനാകുമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അഗ്‌നിപഥ് അടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ കരുവാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യല്‍ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ് പറഞ്ഞത്.
CONTENT HIGHLIGHTS: Congress clashes in March over ED office in Delhi; There will be tensions between the activists and the police