ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സംഘര്‍ഷത്തിനിടെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും ഷാഫി പറമ്പില്‍ എം.എല്‍.എക്കും പരിക്കേറ്റിട്ടുണ്ട്. കെ.സി. വേണുഗോപാലിനെയും കൊടിക്കുന്നില്‍ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരിക്കുകയാണ്.
ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്കാണ് രാഹുല്‍ എത്തിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വന്നത്. ചോദ്യം ചെയ്യലിനായി രാഹുല്‍ ഇ.ഡി ഓഫീസിലേക്ക് കയറിയതോടെ പ്രിയങ്ക മടങ്ങി.
ഇന്നലെ രാത്രി 11 മണിയോടെയാണ് നാലാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. ഇന്നും ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡി നടപടിക്കെതിരെ എ.ഐ.സി.സി ആസ്ഥാനം കേന്ദ്രീകരിച്ചും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.