ന്യൂദല്‍ഹി: വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച അനുകൂല വിധിയെന്ന് കോണ്‍ഗ്രസ്. സത്യം വിജയിക്കുമെന്നും സുപ്രീം കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചു.
അതേസമയം വിധി മോദി സര്‍ക്കാരിനെതിരെയുള്ള സന്ദേശമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തത് മുതല്‍ തുടങ്ങിയതാണ് ഈ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദി സര്‍ക്കാരിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്ക് സംരക്ഷണമുണ്ടാകുമെന്നുള്ള വിധിയാണിത്. ഇത് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ കാര്യമായി അദ്ദഹമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുന്നത്. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത മുതല്‍ തുടങ്ങിയതാണ് ഈ കേസിന്റെ വിധി. ഗുജറാത്തിലെ കോടതികളെല്ലാം ചെയ്ത കാര്യമാണ് ഇന്ന് സുപ്രീം കോടതി പറഞ്ഞത്. എന്താണ് പരമാവധി രണ്ട് വര്‍ഷം ശിക്ഷ? സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചുവെന്നതാണ് വിശ്വാസം. രാഹുല്‍ ഗാന്ധിയെ സത്യം വിളിച്ച് പറയുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും കഴിയില്ല ,’ വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യത്തോടും ജുഡീഷ്യറിയോടുമുള്ള പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് രാഹുല്‍ മുന്നോട്ട് പോയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. വയനാടിലെ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ പരമോന്നത നീതി പീഠം രാഹുല്‍ ഗാന്ധിക്ക് നീതി നല്‍കിയിരിക്കുകയാണ്. സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി തെറ്റുകാരനാണെന്ന് വിധിച്ചപ്പോഴും ഇന്ത്യയിലെ നീതിപീഠങ്ങളെ ബഹുമാനിച്ച് കൊണ്ട് ആ കോടതി വിധി മുഴുവന്‍ അംഗീകരിച്ച് ഏറ്റവും അവസാനം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ വരെയെത്തിയ രാഹുല്‍ ഗാന്ധിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യത്തോടും ജുഡീഷ്യറിയോടുമുള്ള പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭിച്ച ആശ്വാസ വിധിയാണിത്,’ രമേശ് ചെന്നിത്തല പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും ജനകോടികള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘സത്യം ജയിച്ചു. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്.
രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയുമാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റെയോ കോണ്‍ഗ്രസിന്റെയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണ്.
സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെ,’ അദ്ദേഹം പറഞ്ഞു.
ഇന്നാണ് അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിച്ചത്. അഡ്വ. മനു അഭിഷേക് സിങ്വിയാണ് രാഹുലിനായി കോടതിയില്‍ ഹാജരായത്. പ്രകടിപ്പിച്ചത് ജനാധിപത്യ വിയോജിപ്പാണന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണ് കേസെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
പരാതിക്കാരന്‍ ബി.ജെപിക്കാരനാണെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കാന്‍ കൊലക്കേസോ ബലാത്സംഗക്കേസോ അല്ല ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചെന്നും രാഹുല്‍ മനപ്പൂര്‍വം നടത്തിയ പരാമര്‍ശമാണിതെന്നും വാദിച്ചിരുന്നു.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്ങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.
കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
content highlights: Congress claims victory of love over hate; Venugopal that the message is against the Modi government