ന്യൂദല്‍ഹി: ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികൃഷ്ണന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയയാള്‍ക്ക് ആര്‍.എസ്.എസ് ബന്ധമെന്ന് കോണ്‍ഗ്രസ്. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ സൂരജ് ലോലെജ് ആര്‍.എസ്.എസിലെ രണ്ടാമനായി കണക്കാക്കുന്ന സുരേഷ് ഭയ്യാജി ജോഷിയുടെ നിര്‍ദേശ പ്രകാരമാണ് ഹര്‍ജി നല്‍കിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
സുരേഷ് ഭയ്യാജി ജോഷിയുമായി ലോലെജ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതിന് തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
വിവരാവകാശ പ്രവര്‍ത്തകന്‍ എന്ന് സ്വയം അവകാശപ്പെട്ട സൂരജ് ലോലെജ് നവംബര്‍ 27നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ലോയയുടെ മരണത്തില്‍ സംശയമുയര്‍ത്തി കാരവന്‍ വാര്‍ത്ത പുറത്തുവിട്ട് ഒരാഴ്ചയ്ക്കുശേഷമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ഇതിനു പിന്നാലെ 2018 ജനുവരി 30ന് കോണ്‍ഗ്രസ് ഹെഡ്ക്വാട്ടേഴ്‌സില്‍ വെച്ച് ലോയ കേസില്‍ എന്തുകൊണ്ട് അന്വേഷണം ആവശ്യപ്പെട്ടു എന്ന് വിശദീകരിച്ച് ലോലെജ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. ഇയാള്‍ക്ക് ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും ബന്ധമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് പറഞ്ഞത്.
എന്നാല്‍ പിന്നീട് ഇയാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനായി അപേക്ഷിച്ചതായി കണ്ടെത്തിയെന്നും കോണ്‍ഗ്രസ് പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നവിസിനൊപ്പം ലോലെജ് നില്‍ക്കുന്ന ഫോട്ടോഗ്രാഫുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
ലോലെജിന്റെ പശ്ചാത്തലം സംബന്ധിച്ച് ചോദ്യമുയര്‍ത്തി മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോലെജ് കോണ്‍ഗ്രസ് ഹെഡ്ക്വാട്ടേഴ്‌സില്‍ വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ ഫെബ്രുവരിയില്‍ ഇയാള്‍ ചില ഗുരുതരമായ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് ഉയര്‍ത്തിക്കാട്ടി ഓഫ്ഇന്ത്യ.കോം വാര്‍ത്ത നല്‍കിയിരുന്നു.
ലോയ കേസിലെ മറ്റൊരു ഹര്‍ജിക്കാരനായ സതീഷ് ഉകെയുടെ സഹോദരനുമായി ലോലെജ് സംസാരിക്കുന്നതിന്റെ റെക്കോര്‍ഡിങ്‌സ് എന്നവകാശപ്പെട്ടുള്ള ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. സൂരജ് ലോലെജ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ കൊടേകര്‍ വഴി ഭയ്യാജി ജോഷിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.
“എന്താണിത് കാണിക്കുന്നത്? ഈ വിഷയം എത്രയും പെട്ടെന്ന് സുപ്രീം കോടതി തന്നെ കേള്‍ക്കണമെന്ന് ഭയ്യാജി ജോഷിയും ആര്‍.എസ്.എസും ശ്രദ്ധിച്ചിരുന്നു.” കോണ്‍ഗ്രസ് ആരോപിക്കുന്നു.
” ഇവിടെ രണ്ട് സാധ്യതകളുണ്ട്. ഒന്ന് ജഡ്ജി ലോയയുടെ കേസില്‍ അന്വേഷണം നടക്കണമെന്ന് ഭയ്യാജി ജോഷിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നിരിക്കണം, അതല്ലെങ്കില്‍ ലോയകേസില്‍ അന്വേഷണം നടക്കില്ല എന്ന് ഉറപ്പുവരുത്താന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു.” കോണ്‍ഗ്രസ് പറയുന്നു.