| Friday, 16th February 2024, 1:09 pm

കറന്റ് ബില്ലടക്കാൻ പോലും പണമില്ല; കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചെന്ന് കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെതുൾപ്പടെയുള്ള ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി ട്രഷററുമായ അജയ് മാക്കൻ പറഞ്ഞു.

അഞ്ച് വർഷം മുമ്പുള്ള ആദായ നികുതി റിട്ടേൺ അടക്കാൻ 45 ദിവസം വൈകിയെന്നാരോപിച്ച് 210 കോടി രൂപയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് പിഴ ചുമത്തിയത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പൊരുക്കങ്ങൾ തടസപ്പെടുത്തുന്നതിന് വേണ്ടിയുള്ള തന്ത്രപരമായ നീക്കമാണെന്നും അജയ് മാക്കൻ ആരോപിച്ചു.

രാജ്യത്ത് ജനാധിപത്യം പൂർണ്ണമായും അവസാനിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയെ പരാജയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി. ഇതിനെതിരെ രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പാർട്ടി നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കാതായപ്പോഴാണ് അക്കൗണ്ടുകൾ മരവിപ്പിച്ച കാര്യം അറിഞ്ഞത്. വൈദ്യുതി ബില്ലടക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ പാർട്ടിക്കിപ്പോൾ പണമില്ല. ഇത് ഭാരത് ജോഡോ ന്യായ് യാത്രയുൾപ്പടെ പാർട്ടിയുടെ എല്ലാ പരിപാടികളെയും ബാധിക്കും’, അജയ് മാക്കൻ പറഞ്ഞു.

നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യവും മരവിപ്പിച്ചിരിക്കുകയാണെന്നാണ് സംഭവത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ പ്രതികരിച്ചത്. ജനാധിപത്യത്തിനെതിരായ ഈ നീക്കത്തെ തങ്ങൾ ചെറുക്കുമെന്നും നീതി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contant Highlight: Congress claims bank accounts frozen

We use cookies to give you the best possible experience. Learn more