'കൃത്യമായി വെടിവെക്കാന്‍ പോലുമറിയാത്തയാളാണ് മസൂദ് അസര്‍; ജെയ്‌ഷെ ഭീകരന് ക്ലീന്‍ ചിറ്റ് നല്‍കിയ അജിത് ദോവലിന്റെ 2010ലെ ഇന്റര്‍വ്യൂ പുറത്തുവിട്ട് കോണ്‍ഗ്രസ്
national news
'കൃത്യമായി വെടിവെക്കാന്‍ പോലുമറിയാത്തയാളാണ് മസൂദ് അസര്‍; ജെയ്‌ഷെ ഭീകരന് ക്ലീന്‍ ചിറ്റ് നല്‍കിയ അജിത് ദോവലിന്റെ 2010ലെ ഇന്റര്‍വ്യൂ പുറത്തുവിട്ട് കോണ്‍ഗ്രസ്
നീതു ഉണ്ണി പാടത്തി
Tuesday, 12th March 2019, 12:48 pm

 

ന്യൂദല്‍ഹി: ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിന് ക്ലീന്‍ ചിറ്റ് നല്‍കിയ അജിത് ദോവലിനെ രാജ്യദ്രോഹിയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പിയോട് കോണ്‍ഗ്രസ്. 2010ല്‍ അജിത് ദോവല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ വെല്ലുവിളി.

“മോദി സര്‍ക്കാറിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഭീകരവാദി മസൂദ് അസറിനെ മോചിപ്പിച്ചതിന് ബി.ജെ.പി സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. മസൂദ് അസറിനെ മോചിപ്പിച്ചത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് ദോവല്‍ പറഞ്ഞത്.” ദോവലിന്റെ ഇന്‍ര്‍വ്യൂ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുര്‍ജേവാല ട്വീറ്റു ചെയ്യുന്നു.

Also read:വിജയസാധ്യതയില്ലാത്ത സീറ്റ് വേണ്ട; തീരുമാനത്തില്‍ ഉറച്ച് സുരേന്ദ്രന്‍; പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ല

” ഈ ദേശദ്രോഹപ്രവര്‍ത്തനം ചെയ്‌തെന്ന് ഇപ്പോഴെങ്കിലും സമ്മതിക്കാന്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദും പ്രധാനമന്ത്രി നരേന്ദ്രമോദിയും തയ്യാറാണോ.?” അദ്ദേഹം ചോദിക്കുന്നു.

“തീവ്രവാദിയായ മസൂദ് അസറിന് മോദി സര്‍ക്കാറിലെ എന്‍.എസ്.എ അജിത് ദോവല്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് വെളിവായിരിക്കുകയാണ്. മസൂദ് അസറിന് എങ്ങനെയാണ് ഒരു ഐ.ഇ.ഡി സൃഷ്ടിക്കേണ്ടതെന്ന് അറിയില്ല. അയാള്‍ക്ക് ഉന്നംപിഴക്കാതെ വെടിവെക്കാന്‍ അറിയില്ല. മസൂദിനെ മോചിപ്പിച്ചശേഷം ജമ്മുകശ്മീരിലെ ടൂറിസം 200% വര്‍ധിച്ചു.” എന്നൊക്കെയാണ് അഭിമുഖത്തില്‍ ദോവല്‍ പറഞ്ഞത്.

തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ യു.പി.എ സര്‍ക്കാര്‍ സ്വീകിരച്ച പോളിസിയേയും ദോവല്‍ അഭിമുഖത്തില്‍ അഭിനന്ദിക്കുന്നുണ്ട്. ” നുഴഞ്ഞുകയറ്റത്തിനെതിരെ മികച്ച നയവുമായി യു.പി.എ-കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നു. യാതൊരു ഇളവും നല്‍കിയില്ല. ” എന്നാണ് അഭിമുഖത്തില്‍ ദോവല്‍ പറഞ്ഞത്.

Also read:നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് ആലോചിക്കട്ടെ; മഴയ്ക്ക് മുന്‍പേ കുടപിടിക്കണോയെന്നും കോടിയേരി

വാജ്‌പേയി സര്‍ക്കാര്‍ മസൂദ് അസറിനെ വിട്ടുകൊടുത്ത കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിയ്‌ക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. 1999 ല്‍ കാണ്ഡഹാറില്‍ വിമാനം തട്ടിയെടുത്ത ഭീകരവാദികളുടെ ആവശ്യം മസൂദ് അസറിനെ വിട്ടുകൊടുക്കുക എന്നതായിരുന്നു. ബി.ജെ.പി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

കാണ്ഡഹാര്‍ വിമാനറാഞ്ചലിനു ശേഷം ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുല്‍ പുറത്തുവിട്ടിരുന്നു.