| Monday, 1st July 2019, 11:22 am

രാഹുല്‍ ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കാണും; രാജി പ്രധാന ചര്‍ച്ചയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കാണും. അധ്യക്ഷ പദവിയില്‍ തുടരുന്നില്ലെന്ന തീരുമാനത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

പാര്‍ട്ടിയില്‍ രാഹുല്‍ഗാന്ധിയുടെ പദവി തുടരുന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും വിവിധ തലത്തിലുള്ള നേതാക്കളുടെ രാജിയും യോഗത്തില്‍ ചര്‍ച്ചയാവും. ഇന്ന് വൈകുന്നേരമാണ് യോഗം.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേഹ്‌ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കര്‍ണ്ണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ജി.പരമേശ്വരയും യോഗത്തില്‍ പങ്കെടുക്കും.ഇന്നത്തെ യോഗത്തിന്റെ അജണ്ഡ വ്യക്തമല്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയം യോഗത്തില്‍ ചര്‍ച്ചയായേക്കാം.

മെയ് 25ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചത്. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും അശോക് ഗേഹ്‌ലോട്ടും  മക്കള്‍ക്ക് വേണ്ടി മാത്രമാണ് പ്രചാരണം നടത്തിയതെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

രാഹുലിന്റെ രാജി തീരുമാനം അംഗീകരിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, രാജി തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Latest Stories

We use cookies to give you the best possible experience. Learn more