ന്യൂദല്‍ഹി: ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന് പുറത്ത് സിംഹത്തെ പോലെയാണ് സംസാരിക്കുന്നതെന്നും എന്നാല്‍ ഉള്ളില്‍ ഒരു എലിയെ പോലെയാണ് പെരുമാറുന്നത് എന്നുമായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.
ഇന്ത്യാ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്ന ചൈനയെ നേരിടാന്‍ പോലും ബി.ജെ.പിക്ക് കഴിയുന്നില്ലെന്നും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് പോലും ബി.ജെ.പി ഒളിച്ചോടുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും അതിന്റെ നേതാക്കള്‍ അത്യധികം ത്യാഗങ്ങള്‍ സഹിച്ച് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തപ്പോള്‍ ‘ബി.ജെ.പിക്ക് ഒരു നായയെ പോലും രാജ്യത്തിന് വേണ്ടി നഷ്ടപ്പെട്ടിട്ടില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശവും ജനാധിപത്യവും തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ഇതിനെതിരായാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ചൈന വിഷയം തങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചെന്നും അതിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
”അവര്‍ പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുന്നു, എന്നാല്‍ നിങ്ങള്‍ കണ്ടില്ലേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ എലിയെപ്പോലെയാണ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ ഇപ്പോഴും പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.
നിങ്ങളുടെ നായയെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും തങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് അവകാശപ്പെടുന്നു. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ ദേശദ്രോഹികള്‍ എന്ന് വിളിക്കുന്നു,” ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എം.പി. മനീഷ് തിവാരിയാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്.
നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കുകയും തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നിവര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടിരുന്നില്ല.
ഇന്ത്യാ- ചൈനാ സൈനികര്‍ക്കിടയില്‍ ഡിസംബര്‍ ഒമ്പതിന് നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞയാഴ്ചയായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇരു വിഭാഗത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം തന്നെ ഇത് സ്ഥിരീകരിച്ചിരുന്നു.
പിന്നാലെ വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തിയിരുന്നു. ആക്രമണം നടന്നു എന്നുള്ള കാര്യം മന്ത്രി സ്ഥിരീകരിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ അതിര്‍ത്തിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് നടന്ന ഒരു സംഘര്‍ഷത്തെ കുറിച്ച് പറയേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് രാജ്‌നാഥ് സിങ് പ്രസംഗം ആരംഭിച്ചത്.
”ഡിസംബര്‍ ഒമ്പതിന് പി.എല്‍.എ അതിര്‍ത്തി കടന്ന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്ന് ആക്രമണം നടത്തുകയും നിലവിലെ സ്റ്റാറ്റസില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇന്ത്യന്‍ സേന പി.എല്‍.എയെ നേരിടുകയും നമ്മുടെ പ്രദേശത്ത് ആക്രമണം നടത്തുന്നതില്‍ നിന്നും അവരെ തടയുകയും പിന്തിരിയാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇതിനിടയില്‍ ഇരു വിഭാഗത്തുമുള്ള കുറച്ച് സൈനികര്‍ക്ക് പരിക്കേറ്റു.
എന്നാല്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു, നമ്മുടെ ഒരു സൈനികനും സംഭവത്തില്‍ കൊല്ലപ്പെടുകയോ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മിലിറ്ററി കമാന്‍ഡര്‍മാരുടെ സമയോചിത ഇടപെടല്‍ കാരണം പി.എല്‍.എ സൈനികര്‍ തങ്ങളുടെ പ്രദേശത്തേക്ക് പിന്‍വലിഞ്ഞു,” എന്നായിരുന്നു രാജ്‌നാഥ് സിങ് പറഞ്ഞത്.
Content Highlight: Congress chief Kharge says BJP govt talks like a lion outside but acts like a mouse within