| Saturday, 29th June 2019, 4:49 pm

ഒടുവില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ടിറങ്ങുന്നു; പ്രകാശ് അംബേദ്കറുമായി സഖ്യം സാധ്യമാക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന വി.ബി.എയുമായി കോണ്‍ഗ്രസ്-എന്‍.സി.പി മുന്നണിക്ക് സഖ്യം സാധ്യമാക്കുന്നതിന് വേണ്ടി സോണിയാ ഗാന്ധി തന്നെ ചര്‍ച്ച നടത്തും. വരും ദിവസങ്ങളില്‍ തന്നെ പ്രകാശ് അംബേദ്കറുമായി ചര്‍ച്ച നടത്താനാണ് സോണിയ ഗാന്ധിയുടെ തീരുമാനം. ഇന്ന് സോണിയാ ഗാന്ധി ചില വി.ബി.എ നേതാക്കളെ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വി.ബി.എയുമായി സൗഹൃദത്തിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സോണിയാ ഗാന്ധി തന്നെ നേരിട്ട് ചര്‍ച്ചക്ക് തയ്യാറായത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വി.ബി.എ വക്താവ് ലക്ഷ്മണ്‍ മാനേ പറഞ്ഞു. വി.ബി.എ ശക്തമായ കക്ഷിയായാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ബി.ജെ.പിയെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 288 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറിലാണ് നടക്കുന്നത്.

ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കറുടെ ബാരിപ ബഹുജന്‍ മഹാസംഘ്, അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം. ജനതാദള്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് വി.ബി.എ രൂപീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. എന്‍.സി.പിക്ക് 4 സീറ്റും. കോണ്‍ഗ്രസിന്റെ പല ഉറച്ച സീറ്റും കൈവിട്ട് പോവാന്‍ ഇടയാക്കിയത് വി.ബി.എയുടെ പ്രകടനമായിരുന്നു. പിന്നോക്ക്, ദളിത്, ന്യൂനപക്ഷ വോട്ടുകള്‍ വി.ബി.എ പിടിച്ചതോടെയാണ് കോണ്‍ഗ്രസ് പല സീറ്റുകളിലും പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പല കോണ്‍ഗ്രസ് നേതാക്കളും വി.ബി.എയുമായി സഖ്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more