| Wednesday, 10th November 2021, 10:26 am

സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങള്‍ക്ക് ഷൂട്ടിംഗിന് അനുമതി നല്‍കണോ? തൃക്കാക്കരയില്‍ ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. വഴി തടഞ്ഞുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ വിലക്ക്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ട് പേര്‍ തൃക്കാക്കര ബസ് സ്റ്റാന്റ് ചിത്രീകരണത്തിന് അനുവദിക്കുന്നതിനായി അനുമതി വാങ്ങാന്‍ എത്തിയതായിരുന്നു.

നഗരസഭാ ചെയര്‍പേഴ്‌സന്റെ അനുമതി വാങ്ങാന്‍ എത്തിയതോടെ സിനിമാ സ്റ്റൈല്‍ ഡയലോഗുകളുമായി അജിത തങ്കപ്പന്‍ ഇവരോട് കയര്‍ക്കുകയായിരുന്നു.

‘ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിംഗിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്ന് ചോദിക്കാന്‍,’ അജിത പറഞ്ഞു.

എന്നാല്‍ ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിട്ടും ചെയര്‍പേഴ്‌സണ്‍ വഴങ്ങിയില്ല. ഒടുവില്‍ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം-മീരാ ജാസ്മിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗാണ് നഗരസഭ വിലക്കിയിരിക്കുന്നത്.

നിരവധി ചിത്രങ്ങളാണ് തൃക്കാക്കര നഗരസഭാ പരിധിയിലും പരിസരത്തും നടക്കാറുള്ളത്. നഗരസഭാ ഭരണസമിതി ഇത്തരമൊരു നിലപാടുമായി മുന്നോട്ട് പോയാല്‍ ചിത്രീകരണം അവതാളത്തിലാവുമോ എന്ന ഭീതിയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

എന്നാല്‍, ഷൂട്ടിംഗ് തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി യോഗത്തില്‍ തീരുമാനമായിരുന്നു.

സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Congress chairperson denies permission for shooting in Thrikkakara

We use cookies to give you the best possible experience. Learn more