ജയനഗറിലെ കോണ്‍ഗ്രസ് മുന്നേറ്റം: പടക്കം പൊട്ടിച്ചും, ആര്‍പ്പുവിളിച്ചും കൗണ്ടിങ് സെന്ററിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Karnataka Election
ജയനഗറിലെ കോണ്‍ഗ്രസ് മുന്നേറ്റം: പടക്കം പൊട്ടിച്ചും, ആര്‍പ്പുവിളിച്ചും കൗണ്ടിങ് സെന്ററിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 11:32 am

 

ബംഗളുരു: ജയനഗര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ് ലീഡ് മെച്ചപ്പെടുത്തുമ്പോള്‍ പടക്കംപൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ലീഡ് 10000 കടന്നതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.

14 റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി 14000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കൗണ്ടിങ് സെന്ററിന് പുറത്ത് പാര്‍ട്ടി കൊടിയുയര്‍ത്തിയും പടക്കംപൊട്ടിച്ചും ആര്‍പ്പുവിളിച്ചുമാണ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. യെദ്യൂരപ്പ പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചിട്ടും 2013ലെ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബി.ജെ.പി വിജയിച്ച മണ്ഡലമാണ് ജയനഗര്‍.

മെയ് 12 നായിരുന്നു കര്‍ണാടകയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് വിജയനഗറില്‍ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.


Also Read:ഇതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം; കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ചിന് മോദിയുടെ മറുപടി, വീഡിയോ


 

വിജയകുമാറിന്റെ സഹോദരനായിരുന്നു പിന്നീട് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡി.

ജനതാദള്‍ (എസ്) ജൂണ്‍ 5 ന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും, ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുകയും കൂടി ചെയ്തതോടെ കോണ്‍ഗ്രസ്-ബി.ജെ.പി പോരാട്ടത്തിനാണ് ജയനഗര്‍ സാക്ഷ്യംവഹിച്ചത്.

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,11,989 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.