| Thursday, 12th July 2018, 6:57 pm

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; തരൂരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി 2019ല്‍ ജയിച്ചാല്‍ ഇന്ത്യ “ഹിന്ദു പാകിസ്ഥാന്‍” ആകുമെന്ന ശരിതരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും സുര്‍ജേവാല പറഞ്ഞു.

“കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണം” സുര്‍ജേവാല വ്യക്തമാക്കി.


Read Also : പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് നിരോധനം കൊണ്ടല്ല; നിലപാട് വ്യക്തമാക്കി സി.പി.ഐ.എം


ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു തരൂര്‍ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും അവര്‍ ഇന്ത്യയെ ഹിന്ദു പാക്കിസ്താനാക്കുമെന്നുമായിരുന്നു പരാമര്‍ശം.

തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. തരൂരിനെ മനോരാഗാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.


Read Also : “പാക്കിസ്ഥാനെ പ്രീണിപ്പിച്ചുകൊണ്ടിരുന്നയാള്‍ അവര്‍ക്കെതിരായോ?”: തരൂരിനാവശ്യം വൈദ്യസഹായമെന്നും സുബ്രഹ്മണ്യന്‍ സ്വാമി


എന്നാല്‍ ബി.ജെ.പിയുടെ അഭിപ്രായമനുസരിച്ച് ഞാന്‍ എന്തിന് മാപ്പ് പറയണമെന്നായിരുന്നു തരൂരിന്റെ മറപടി. ഓണ്‍റെക്കോര്‍ഡില്‍, ആളുകള്‍ക്ക് മുന്നില്‍ ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി പറഞ്ഞാല്‍ വിവാദം അവസാനിക്കുമെന്നും തരൂര്‍ പറഞ്ഞു.

ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ബി.ജെ.പി അതുപറയണം. എന്നാല്‍ ഈ സംവാദം തീരും. നിലപാട് മാറ്റാത്ത കാലത്തോളം അവരുടെ ആശയത്തെ കുറിച്ച് പറഞ്ഞതിന് ഒരാള്‍ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും തരൂര്‍ ചോദിച്ചു.

മുമ്പും ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാക്കിസ്താന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്താന്റെ തനിപ്പകര്‍പ്പാണെന്നും തരൂര്‍ ഫേസ്ബുക്കിലും കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more