ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച തുക പോലും നഷ്ടമാവും; അരവിന്ദ് കെജ്‌രിവാള്‍
national news
ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച തുക പോലും നഷ്ടമാവും; അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2019, 3:02 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് ദുശാഠ്യമാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന് കെട്ടി വെച്ച തുക പോലും നഷ്ടമാവുന്ന അവസ്ഥ ഉണ്ടാവുമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.

താന്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ പരിശ്രമിച്ചിരുന്നതായും എന്നാല്‍ “അവര്‍ക്ക് കാര്യം മനസ്സിലായില്ലെന്നും” കെജ്‌രിവാള്‍ ദല്‍ഹിയിലെ മുസ്തഫാബാദില്‍ നടന്ന പൊതു പരിപാടിയില്‍ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എ.എ.പിക്ക് മാത്രമേ സാധിക്കുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എ.എ.പിക്കും ഇടയില്‍ വിഘടിച്ചു പോകരുതെന്നും കെജ്‌രിവാള്‍ ജനങ്ങളോടു പറഞ്ഞു.

Also Read കര്‍താര്‍പൂര്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകുന്നത് ജനങ്ങളുടെ വികാരം മാനിച്ച്; പാക് ബന്ധം പുനസ്ഥാപിക്കലായി കാണേണ്ടതില്ല; വിദേശകാര്യ മന്ത്രാലയം

ദല്‍ഹിയില്‍ എ.എ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിന് സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ സോണിയാ ഗാന്ധിയും ഷീലാ ദീക്ഷിത്തും തമ്മില്‍ സഖ്യ സാധ്യതയെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ സഖ്യത്തെ സംബന്ധിച്ച് വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്.

കോണ്‍ഗ്രസുമായി തങ്ങള്‍ സഖ്യത്തിന് ശ്രമിച്ചിരുന്നെന്ന അരവിന്ദ് കെജ്‌രിവാളിന്റെ വാദം ഷീല ദീക്ഷിത് തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ ദല്‍ഹി നേതൃത്വവുമായി ആം ആദ്മി പാര്‍ട്ടി ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു ഷീല ദീക്ഷിത് പറഞ്ഞത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് എ.എ.പിയുമായി നല്ല ബന്ധത്തിലല്ലാതിരുന്ന അജയ് മാക്കന്‍ ദല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെച്ചത് എ.എ.പിയുമായുള്ള സഖ്യത്തിന്റെ സൂചനയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്