| Friday, 12th March 2021, 8:23 pm

സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാനാകാതെ കോണ്‍ഗ്രസ്, പ്രഖ്യാപനം ഞായറാഴ്ചത്തേക്ക് മാറ്റി; യു.ഡി.എഫ് സീറ്റ് വിഭജനം മാത്രം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി കോണ്‍ഗ്രസ്. 140 സീറ്റുകളില്‍ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞുവെന്നും ഞായറാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. 10 സീറ്റുകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പ്രഖ്യാപനം വൈകുന്നത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു മാധ്യമങ്ങളെ കണ്ടത്.

27 സീറ്റുകളില്‍ മുസ് ലിം ലീഗ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍, ആര്‍.എസ്.പിക്ക് അഞ്ച് സീറ്റുകള്‍, എന്‍.സി.പിക്ക് രണ്ട് സീറ്റും നല്‍കുമെന്ന് തീരുമാനിച്ചതായി യു.ഡി.എഫ് അറിയിച്ചു.

ജനതാദളിനും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും സി.എം.പിക്കും ഓരോ സീറ്റ് വീതമാണ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സഖ്യകക്ഷിയല്ലെങ്കിലും കെ.കെ രമ വടകരയില്‍ മത്സരിക്കുകയാണെങ്കില്‍ ആര്‍.എം.പിക്ക് പിന്തുണ നല്‍കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ഓരോ കക്ഷികളും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേമം അടക്കമുള്ള സീറ്റുകളില്‍ തീരുമാനമാകത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും വൈകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം വൈകീട്ടോടെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ.എമ്മും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Congress candidate list will be released on Monday, UDF seats division completed

We use cookies to give you the best possible experience. Learn more