ന്യൂദല്‍ഹി: കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രഖ്യാപിച്ചു. ജില്ലാ നേതാവ് സുബ്ബയ്യ റാവുവിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു.
എറണാകുളത്ത് ഹൈബി ഈഡനെയും തൃശൂരില്‍ ടി.എന്‍ പ്രതാഭനേയും മാവേലിക്കരയില്‍ സുരേഷ് കൊടുക്കുന്നിലിനേയും ചാലക്കുടിയില്‍ ബെന്നി ബെനഹന്നാനേയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനേയും മത്സരിപ്പിക്കും.
അതേസമയം വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇനിയും തീരുമാനിച്ചിട്ടില്ല. 16 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടു സീറ്റുകളില്‍ ലീഗും, രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.
ഈ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും ഇത് തീരുമാനിക്കുക എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. അതേസമയം സിറ്റിങ് എം.പിയായ തനിക്ക് സീറ്റ് ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. കെ.വി തോമസിന് പകരം എറണാകുളത്ത് മത്സരിക്കുന്നത് ഹൈബി ഈഡനാണ്.
എല്‍.ഡി.എഫിന്റെ പി.രാജീവിനെ പോലെ ഒരു സ്ഥാനാര്‍ത്ഥിയോട് ശക്തമായ മത്സരം ഉണ്ടാകുമെന്നതിനാലാണ് എം.എല്‍.എ ആയ ഹൈബി ഈഡനെ എറണാകുളത്ത് പരിഗണിച്ചതെന്നാണ് നിരീക്ഷണം.