ലഖ്‌നൗ: മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ നോട്ടക്ക് വോട്ട് തേടി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നോട്ടക്ക് വേണ്ടി പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥി ബി.ജെ.പി പാളയത്തില്‍ എത്തിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസിന് വലിയ ജയ പ്രതീക്ഷയുള്ള മണ്ഡലമല്ലായിരുന്നിട്ടും ഇന്‍ഡോറില്‍ ഒരു യുവ നേതാവിനെ ഇറക്കി തെരഞ്ഞെടുപ്പില്‍ ശക്തമായി പൊരുതാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
എന്നാല്‍ ഇതിന് തിരിച്ചടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇന്‍ഡോറില്‍ ബി.ജെ.പിയുടെ വിജയം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്.
ഇതിന് പുറമേ ബി.എസ്.പിയുടെയും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമീപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടക്ക് വോട്ട് തേടി കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കിയത്.
ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ പിന്തുണ നല്‍കണോയെന്ന് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്‌തെങ്കിലും അതില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നോട്ടക്ക് വോട്ട് തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.