| Friday, 12th March 2021, 9:43 pm

നേമം ചോദ്യങ്ങളെ ചിരിച്ചൊഴിവാക്കി കോണ്‍ഗ്രസ് നേതാക്കള്‍; ഏതായാലും ദുര്‍ബലനായിരിക്കുകയില്ല മത്സരിക്കുകയെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരാകുമെന്ന ചോദ്യത്തോട് കൃത്യമായ മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കള്‍. കരുത്തനായ നേതാവ് തന്നെയായിരിക്കുമോ മത്സരിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏതായാലും ദുര്‍ബലനായിരിക്കുകയില്ല മത്സരിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.

രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ നേമത്ത് നിന്ന് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ ചോദിക്കേണ്ട എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി.

തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കുന്നില്ലെന്നും ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അവസരം ഉണ്ടായിരിക്കുകയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

എം.പിമാരായ ശശി തരൂരോ കെ.മുരളീധരനോ നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം.പിമാര്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പുതുപ്പള്ളി സീറ്റ് വിട്ടുനല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
‘പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ഞാന്‍ ഇന്ന് വരെ ചിന്തിച്ചുകൂടിയില്ല. ഇന്നുവരെ 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ട്. അന്നും ഒരു സ്ഥലത്തേ മത്സരിച്ചിട്ടുള്ളു, ഇനിയാണെങ്കിലും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളു,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. നേമം അടക്കമുള്ള 10 സീറ്റുകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെതിരെ മത്സരിച്ച വി. ശിവന്‍കുട്ടിയെ തന്നെയാണ് ഇക്കുറിയും എല്‍.ഡി.എഫ് നേമത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. ഒ. രാജഗോപാല്‍ ഇക്കുറി മത്സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Congress candidate in Nemam constituency in Thiruvananthapuram, confusion continues

We use cookies to give you the best possible experience. Learn more