അഹമ്മദാബാദ്: നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന നിലേഷ് കുംഭാനിയെ ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പത്രിക തള്ളിയതിന് പിന്നില്‍ ഒന്നുകില്‍ അശ്രദ്ധയോ അല്ലെങ്കില്‍ ബി.ജെ.പിയുമായുള്ള ബന്ധമോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് അച്ചടക്ക സമിതിക്ക് മുമ്പാകെ നിലേഷ് കുംഭാനിയുടെ വാദം അവതരിപ്പിക്കാന്‍ മതിയായ സമയം നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കാതെ അപ്രത്യക്ഷമായതാണ് നിലേഷിനെ ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
സൗരാഷ്ട്രയില്‍ നിന്നുള്ള പാട്ടിദാര്‍ സമുദായാംഗങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിലേഷ് കുംഭാനിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി ചൂണ്ടിക്കാട്ടി.
എന്നാല്‍ നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് നിലേഷ് കുംഭാനി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ടും ചെയ്യപ്പെട്ടിരുന്നു.
നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്ന് പേരും പത്രികയില്‍ ഉള്ളത് തങ്ങളുടെ ഒപ്പല്ലെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് പത്രിക തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെ നിലേഷിന് പകരക്കാരനായി കോണ്‍ഗ്രസ് നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളുന്ന സാഹചര്യം ഉണ്ടായി.
തുടര്‍ന്ന് സൂറത്തിലെ പ്രധാന സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയുടെ മുകേഷ് ദലാല്‍ മാത്രം അവശേഷിച്ചു. പിന്നീട് ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കൂടെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഏകപക്ഷീയമായി മുകേഷ് ദലാല്‍ വിജയിച്ചത്.
Content Highlight: Congress candidate from Surat suspended for six years after rejection of nomination papers