ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. മെയ് 13ന് ഇന്‍ഡോര്‍ മണ്ഡലത്തില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ കൂറുമാറ്റം.
അക്ഷയ് ബാമിനെ ക്ഷണിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. ബി.ജെ.പി എം.എല്‍.എ രമേശ് മെന്‍ഡോളയ്ക്കൊപ്പമാണ് അക്ഷയ് ബാം പത്രിക പിന്‍വലിക്കാനെത്തിയത്.
ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗീയ എക്സില്‍ അക്ഷയ്ന്റെ ഫോട്ടോ പങ്കുവെക്കുകയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ ഈ കൂറുമാറ്റം മധ്യപ്രദേശ് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നിലേഷ് കുംഭാനി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് ആറ് വര്‍ഷത്തേക്ക് നിലേഷ് കുംഭാനിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു.
പത്രിക തള്ളിയതിന് പിന്നില്‍ ഒന്നുകില്‍ അശ്രദ്ധയോ അല്ലെങ്കില്‍ ബി.ജെ.പിയുമായുള്ള ബന്ധമോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് അച്ചടക്ക സമിതിക്ക് മുമ്പാകെ നിലേഷ് കുംഭാനിയുടെ വാദം അവതരിപ്പിക്കാന്‍ മതിയായ സമയം നേതൃത്വം നല്‍കിയിരുന്നു.
എന്നാല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കാതെ അപ്രത്യക്ഷമായതാണ് നിലേഷിനെ ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
Content Highlight: Congress candidate from Indore Akshay Kanti Bam withdraws nomination papers and joins BJP