ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ അസ്ഹര്‍ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ മരുമകനാണെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ഇമ്രാന്‍ സംസാരിക്കുന്നത് മസൂദ് അസ്ഹറിന്റെ ഭാഷയാണെന്നും ആദിത്യനാഥ് ആരോപിച്ചു. ഇമ്രാന്റെ പേര് പറയാതെയായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.
“മസൂദ് അസ്ഹറിന്റെ മരുമകന്‍ സഹരാന്‍പുരില്‍ വന്ന്, അയാളുടെ ഭാഷയില്‍ സംസാരിക്കുകയാണ്. മസൂദ് അസ്ഹറിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഒരാളെ സഹരന്‍പുരില്‍ നിന്ന് ജയിപ്പിക്കണോ, അതോ വികസനത്തിന്റെയും സുരക്ഷയുടേയും പ്രതീകമായ രാഘവ് ലഖന്‍പാലിനെ (ബി.ജെ.പി സ്ഥാനാര്‍ത്ഥി) ജയിപ്പിക്കണോ”- സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചു കൊണ്ട് ആദിത്യനാഥ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read ഇന്റര്‍നെറ്റിലെ തീവ്രവാദികളാണ് ബി.ജെ.പി ഐ.ടി സെല്‍ അംഗങ്ങള്‍: അഖിലേഷ് യാദവ്
ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതു പോലെ മസൂദ് അസ്ഹറും ഒരു ദിവസം കൊല്ലപ്പെടുമെന്നും ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറുകള്‍ തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കിയപ്പോള്‍ നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ അവര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബുകളുമാണ് പ്രയോഗിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.
2014 ലോക്‌സഭാ തെരഞ്ഞടെുപ്പില്‍ ഇമ്രാനെ 65,000 വോട്ടുകള്‍ക്ക് ലഖന്‍പാല്‍ സഹരന്‍പുരില്‍ പരാജയപ്പെടുത്തിയിരുന്നു. തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്നും നികുതി വ്യവസ്ഥകള്‍ ഇളവു വരുത്തിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
“കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, നിങ്ങള്‍ ജനങ്ങളുടെ അനുഗ്രഹത്തോടെ, അക്രമികള്‍ക്ക് നമ്മള്‍ രണ്ട് മാര്‍ഗമാണ് നല്‍കി വരുന്നത്. ഒന്നുകില്‍ ജയിലിലേക്ക് പോവുക, അല്ലെങ്കില്‍ ലോകം വിട്ട് പോവുക”- ആദിത്യനാഥ് പറഞ്ഞു.
ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 16 മാസത്തെ ഭരണത്തിനിടയ്ക്ക് 3,000 ഏറ്റുമുട്ടലുകളിലായി 78 അക്രമികള്‍ എന്നാരോപിക്കപ്പെട്ടവരെയാണ് യു.പി സര്‍ക്കാര്‍ വധിച്ചത്.