'അങ്ങനെ എപ്പോഴും അംബാനിയേയും അദാനിയേയും മാത്രം കുറ്റം പറഞ്ഞാല്‍ ശരിയാവില്ല'; രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഹാര്‍ദിക് പട്ടേല്‍
national news
'അങ്ങനെ എപ്പോഴും അംബാനിയേയും അദാനിയേയും മാത്രം കുറ്റം പറഞ്ഞാല്‍ ശരിയാവില്ല'; രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഹാര്‍ദിക് പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 11:25 pm

ന്യൂദല്‍ഹി: മുന്‍നിര വ്യവസായികളായ മുകേഷ് അംബാനിയോടും ഗൗതം അദാനിയോടും കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമാണെന്ന് ഹാര്‍ദിക് പട്ടേല്‍. കഠിനാധ്വാനത്തിലൂടെയാണ് ഇരുവരും മുന്നേറിയത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ളവരെന്നതു കൊണ്ട് മാത്രം അവരെ ലക്ഷ്യമിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്ന് വര്‍ഷം പാഴാക്കിയെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഗുജറാത്തിനായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിഷയങ്ങളിലടക്കം കോണ്‍ഗ്രസ് അനാവശ്യ വിമര്‍ശനമുയര്‍ത്തുന്നുവെന്ന് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് നടക്കുന്ന എല്ലാത്തിനേയും വിമര്‍ശിക്കുക മാത്രമാണ് രാജ്യത്തെ കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന ശ്രദ്ധ മുതിര്‍ന്ന നേതാക്കള്‍ക്ക് കൃത്യ സമയത്ത് ചിക്കന്‍ സാന്‍ഡ്വിച്ച് കിട്ടിയോ എന്നത് മാത്രമാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

‘പാര്‍ട്ടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പ്രവര്‍ത്തനം നടത്തുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും പ്രശ്നങ്ങളില്‍ നിന്നും ദൂരെയായിരിക്കും. ഗുജറാത്തികളെ എല്ലാ തരത്തിലും വിമര്‍ശിക്കുകയും ഗുജറാത്തികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്ന് പലരും ചോദിച്ചിട്ടുണ്ട്.

കാര്യക്ഷമതയില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം. പാര്‍ട്ടിയിലുള്ള വിശ്വാസം യുവാക്കള്‍ക്ക് നഷ്ടപ്പെട്ടിട്ട് കാലം ഒരുപാടായി. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യാനോ, പ്രവര്‍ത്തിക്കാനോ ഇന്ന് യുവാക്കളെ ലഭിക്കാത്തത്,’ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.’ അദ്ദേഹം രാജിക്കത്തില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവും പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമായ ഹാര്‍ദിക് പട്ടേല്‍ ബുധനാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിനെ അനുകൂലിച്ച് ഹാര്‍ദിക് അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: Congress can’t always blame Ambani and Adani says Hardik Patel after resigning from congress