ബെംഗളുരു: എയ്‌റോ ഇന്ത്യ ഷോയുടെ ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷം. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ ‘രാഷ്ട്രീയ ടൂറിസ’ത്തിന്റെ ഭാഗമാണ് എയ്‌റോ ഇന്ത്യ ഷോയെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വെള്ളപ്പൊക്കമുണ്ടായപ്പോഴും കൊവിഡ് മഹാമാരിയുടെ സമയത്തും കര്‍ണാടകയെ പൂര്‍ണമായും അവഗണിച്ച മോദി ഇപ്പോള്‍ ഓരോ ചെറിയ കാര്യത്തിന് വേണ്ടി പോലും സംസ്ഥാനത്ത് എത്തുന്നത് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ഇവര്‍ വിമര്‍ശിച്ചു.
മോദിയുടെ സന്ദര്‍ശനം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന പേടിയാണ് കോണ്‍ഗ്രസിനെന്നാണ് കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം ഇതിനോട് പ്രതികരിച്ചത്. മോദിയുടെ ഓരോ വരവിലും ബി.ജെ.പിയുടെ വോട്ട് അഞ്ച് ശതമാനം വെച്ച് കൂടുകയാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
തകൃതിയായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് ബി.ജെ.പി കര്‍ണാടകയില്‍ നടത്തുന്നത്. തെലുങ്ക് സിനിമ-സ്‌പോര്‍ട്‌സ്-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് രാജ്ഭവനില്‍ വെച്ച് മോദി വിരുന്ന് സംഘടിപ്പിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
യഷും റിഷഭ് ഷെട്ടിയും വിരുന്നില്‍ പങ്കെടുത്തിരുന്നു. അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ പങ്കാളി അശ്വനി, ബ്ലോഗര്‍ ശ്രദ്ധ എന്നിവരും പ്രധാനമന്ത്രിയുടെ വിരുന്നിനെത്തി.
ഈ വിരുന്നും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് നിരവധി പേര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങളോട് മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണ പരിപാടികളില്‍ സജീവമാണ്. മോദിയുടെ നേതൃത്വത്തില്‍, ഒരു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകുവെന്നായിരുന്നു പ്രചാരണറാലിയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞത്.
കോണ്‍ഗ്രസ് എക്കാലത്തും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചുവെന്നും 1700 പോപ്പുലര്‍ ഫ്രണ്ടുകാരെ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും അമിത് ഷാ പ്രസംഗത്തിനിടയില്‍ അഭിപ്രായപ്പെട്ടു.
ഗാന്ധി കുടുംബത്തിനായി കര്‍ണാടകയെ കോണ്‍ഗ്രസ് പാര്‍ട്ടി ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനായി (ATM ) ആയി ഉപയോഗിച്ചെന്നും അമിത് ഷാ പറഞ്ഞിരുന്നു. ബി.ജെ.പി രാജ്യസ്നേഹികളാണെന്നും കോണ്‍ഗ്രസും ജെ.ഡി.എസും മുസ്‌ലിം രാജാവായ ടിപ്പുവിനെ ബഹുമാനിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വാക്കുകളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
Content Highlight: Congress calls Modi’s Karnataka visit and Aero India Show a political tour