ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ യോഗം വിളിച്ച് ഇന്ത്യ മുന്നണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ നേതാക്കളെ ഇന്ത്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണിച്ചത്. അടുത്ത ബുധനാഴ്ച ദല്‍ഹിയിലാണ് യോഗം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
എന്നിരുന്നാലും, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയം യോഗത്തില്‍ പ്രധാന ചര്‍ച്ചയായേക്കുമെന്നാണ് സൂചന.
തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ പരാജയപ്പെടുത്തി നിലമെച്ചപ്പെടുത്താന്‍ സാധിച്ചതുമാത്രമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിലവില്‍ ആശ്വാസത്തിന് വകനല്‍കുന്നത്.
ഇന്ത്യ മുന്നണിയില്‍ ഉയരുന്ന ആഭ്യന്തര വിള്ളലുകളെക്കുറിച്ചുള്ള മുന്നണിയുടെ ഭാവിയെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കുമെന്നാണ് അറിയുന്നത്.
അടുത്ത വര്‍ഷത്തെ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ ഇന്ത്യ മുന്നണി വേണ്ടത്ര ആവേശം കാണിക്കുന്നില്ലെന്ന പരാതി ജനതാദള്‍ (യുണൈറ്റഡ്) സ്ഥാപക അംഗവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല ഇന്ത്യ മുന്നണിയ്ക്കിടയില്‍ തുടരുന്ന ഭിന്നതകളെ കുറിച്ചും അദ്ദേഹം ആശങ്ക ഉയര്‍ത്തിയിരുന്നു
‘ഞങ്ങള്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി അവരെ മുന്നോട്ട് നയിക്കുന്നുണ്ട്. പക്ഷേ, ആ മുന്നണിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ താല്‍പ്പര്യമുണ്ടെന്ന് തോന്നുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്നില്‍ നിന്ന് നയിക്കാനുള്ള ചുമതല ഞങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വന്നതിന് ശേഷം മാത്രമേ അവര്‍ യോഗം വിളിക്കൂ എന്നാണ് തോന്നുന്നത്, ‘ എന്നായിരുന്നു നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ ഈ നിലപാട്.
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇന്ത്യ മുന്നണിയുടെ അവസാന യോഗം.
2024 ലെ തെരഞ്ഞെടുപ്പിലും അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും ‘കഴിയുന്നത്രയും ഒരുമിച്ച്’ മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇന്ത്യ മുന്നണി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ വലിയ ഭിന്നത മുന്നണിയ്ക്കിടയില്‍ രൂപപ്പെട്ടു. മൂന്നാം തവണയും എന്‍.ഡി.എ തന്നെ അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിന് തടയിടാന്‍ പ്രതിപക്ഷം എത്രമാത്രം ഐക്യത്തിലാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
വരാനിരിക്കുന്ന 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കടുത്ത വെല്ലുവളി ഉയര്‍ത്താമെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യമായ ഇന്ത്യാ സഖ്യത്തിന് കാലിടറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കാണുന്നത്.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ തകര്‍ച്ച പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന കനത്ത ആഘാതമാകുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ എസ്.പി.യും ആം ആദ്മി പാര്‍ട്ടിയും ജെ.ഡി.യുവും മധ്യപ്രദേശില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെ.ഡി.യു. ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ദേശീയതലത്തില്‍ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ വഹിച്ചത്. എന്നാല്‍ നേതാക്കളെ ഒരുമിച്ച് നിര്‍ത്തുന്നതിലും സീറ്റ് വിഭജനത്തിലടക്കം കാര്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലും മുന്നണി പരാജയപ്പെട്ടു.
സമാജ് വാദി പാര്‍ട്ടിയുമായി ഉടലെടുത്ത ഭിന്നതകളും വലിയ തിരിച്ചടിയ്ക്ക് കാരണമായി. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 45 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു ‘ഇന്ത്യ’ മുന്നണിയിലെ പ്രധാനപാര്‍ട്ടികളില്‍ ഒന്നായ സമാജ് വാദി പാര്‍ട്ടി. 70 ഓളം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.
Content Highlight: Congress Calls INDIA Meet On Wednesday Sources