ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി കേന്ദ്ര സര്‍ക്കാറിന്റെ കൈയ്യിലെ പാവയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹത്തെ ഉടന്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ്. സി.ബി.ഐയിലെ അനിശ്ചിതത്വത്തില്‍ അലോക് വര്‍മ്മയ്‌ക്കെതിരെ നടപടി എടുത്തത് ചൗധരിയുടെ നേൃത്വത്തില്‍ സമര്‍പ്പിച്ച സി.വി.സി റിപ്പോര്‍ട്ട് ആസ്പദമാക്കിയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നും ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നുമായിരുന്നു ആരോപണം.
ചൗധരി ഭരണഘടനാ ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. “സി.വി.സി കമ്മീഷണര്‍ രാകേഷ് അസ്താനയുടെ ആളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ ആളായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാണ്. തന്നെ ഏല്‍പ്പിക്കുന്ന എന്ത് വൃത്തികെട്ട് ജോലി ചെയ്യാനും ചൗധരി തയ്യാറാണ്”- ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിങ് വി പറഞ്ഞു.
രാകേഷ് അസ്താനയുടെ മധ്യസ്ഥനായി സി.വി.സി ഒക്ടോബര്‍ 6ന് തന്നെ വന്നു കണ്ടു എന്ന് അലോക് വര്‍മ്മ സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് എ.കെ പട്‌നായിക്കിന് മൊഴി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസ് ചൗധരിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.
ഖാര്‍ഗെയുടെ എതിര്‍പ്പിനെ വക വെക്കാതെയായിരുന്നു അലോക് വര്‍മ്മയെ പുറത്താക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.